Food

ബ്രെഡിനൊപ്പം കഴിക്കാൻ ഈ മട്ടൻ സ്‌റ്റ്യു കിടിലനാണ്

ബ്രെഡിനൊപ്പം കഴിക്കാൻ ഈ മട്ടൻ സ്റ്റു കിടിലനാണ്. വളരെ എളുപ്പത്തിൽ നല്ല സ്വാദോടുകൂടി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • മട്ടൺ ഒരു കിലോ
  • സവോള 3 എണ്ണം ഇടത്തരം
  • വെളുത്തുള്ളി 2
  • തക്കാളി 1
  • ഇഞ്ചി കുറച്ചു
  • കാന്താരി അല്ലെങ്കിൽ പച്ചമുളക് 4 എണ്ണം
  • കറിവേപ്പില
  • ഉരുളകിഴങ്ങു ഇടത്തരം 2
  • കട്ടിയുള്ള തേങ്ങാപ്പാൽ (തലപ്പാൽ)
  • കുരുമുളക്
  • കറുവപ്പട്ട
  • തക്കോലം
  • ഗ്രാമ്പൂ
  • ഏലക്കായ
  • പെരിഞ്ജീരകം
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

മട്ടൺ ആദ്യമേ നല്ലതുപോലെ കഴുകി എടുക്കുക. അല്പം വിനാഗിരി ചേർത്ത് വീണ്ടും കഴുകി, ഉപ്പു ഇട്ടു കഴുകി മാറ്റി വയ്ക്കുക. ചുവടു കട്ടിയുള്ള ഉരുളി അല്ലെങ്കിൽ പാനിൽ അല്പം എണ്ണയൊഴിച്ചു മട്ടൺ ഇട്ടു ഇളക്കി അടച്ചു വയ്ക്കുക. വെള്ളം ഉടനെ ചേർക്കരുത്. മിക്സി ഡ്രൈ ഗ്രൈൻഡറിൽ കുരുമുളക് ഏലക്കായ പട്ട ഗ്രാമ്പൂ തക്കോലം പെരിഞ്ജീരകം ചതച്ചു എടുക്കുക. ഇതിൽ പകുതി ഭാഗം മട്ടനിൽ ചേർത്തുതിളക്കുക. 2 മിനിറ്റ് അടച്ചു വച്ചു പിന്നീട് നികക്കെ വെള്ളം ചേർക്കാം.

സവാള, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞു മാറ്റി വയ്ക്കുക. പച്ചമുളക് കീറി ഇട്ടാൽ മതിയാകും. വേറെ ഒരു പാനിൽ ഉള്ളി കൂട്ടുകൾ എണ്ണയിൽ മൂപ്പിക്കുക. നിറം മാറി വരുമ്പോൾ ഇറച്ചിയിൽ ഇട്ടു യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കാം. കറിവേപ്പില ചേർക്കാം. ചെറിയ തീയതി അടച്ചു വയ്ക്കുക.

ഉരുള കിഴങ്ങു തൊലി ചെത്തി ചെറിയ കഷ്ണങ്ങൾ ആക്കി ചേർക്കുക. വെന്തു നന്നായി പൊടിഞ്ഞു പോകണം എന്നുള്ളവർ ആദ്യമേ ചേർക്കുക ഇടയ്ക്കു ഇളക്കണം. കഷ്ണങ്ങൾ വെന്തുകിട്ടുവാൻ ഏകദേശം 40 മിനിറ്റ് ആകും. വെള്ളം കുറയുമ്പോൾ തിളപ്പിച്ച വെള്ളം ആവശ്യാനുസരണം ചേർക്കാം. തക്കാളി ചേർക്കുക.

നല്ലതുപോലെ വെന്തു കഴിഞ്ഞാൽ നേരത്തെ മാറ്റി വച്ചിരിക്കുന്ന ചതച്ച മസാലക്കൂട്ട് വീണ്ടും പകുതി ചേർക്കുക. അല്പം കൂടി കറിവേപ്പില ചേർക്കുക. തീയ്യ് കുറച്ചു തേങ്ങാപ്പാൽ അല്പം അല്പമായി ചേർത്ത് യോജിപ്പിക്കുക. തിളക്കരുത്. ബാക്കി ഇരിക്കുന്ന ചതച്ച കൂട്ട് വിതറി വാങ്ങി വയ്ക്കുക. അല്പം പച്ച വെളിച്ചെണ്ണ ചേർക്കുക.