ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. വർക്കിങ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ് എന്നിവരും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു.
ഇന്ന് രാവിലെ നേതാക്കള്‍ തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും സണ്ണി ജോസഫ് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പറഞ്ഞു. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
നാളെയാണ് പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുക്കുക. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. മെയ് എട്ടിനാണ് പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി.