ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിൽ ആണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളം തകർന്നതായി പാകിസ്ഥാൻ മാധ്യമമായ ഡോൺ ആണ് സ്ഥിരീകരിച്ചത്.
നിലവില്‍ വെടിനിര്‍ത്തലിനെ തുടര്‍ന്ന് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ സൈന്യം നടപ്പാക്കുമെന്ന് ഇന്നലെയാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
പഹൽഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ് 400, ബ്രഹ്മോസ് മിസൈൽ അടക്കം എല്ലാം സുരക്ഷിതമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ഇതെല്ലാം തകർത്തെന്ന് പാകിസ്ഥാൻ വ്യാജപ്രചാരണം നടത്തുകയാണ്. അതിർത്തിയിലെ എല്ലാ വ്യോമത്താവളങ്ങളും സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. നാല് വ്യോമസേനാ താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.