സംഘർഷഭരിതമായ ദിനങ്ങൾക്ക് പര്യവസാനം.ജമ്മുവിൻ്റെ അതിർത്തി പ്രദേശങ്ങള്‍ ഇന്ന് രാവിലെ മുതല്‍ ശാന്തം. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ഷെല്ലാക്രമണത്തിന് ശേഷമാണ് അതിർത്തി സമാധനാത്തിന്റെ പകൽ കാണുന്നത് . ഡ്രോണുകൾ, വെടിവയ്പ്പുകൾ, ഷെല്ലാക്രമണങ്ങൾ എന്നിവ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൂഞ്ച് പ്രദേശത്തും സ്ഥിതി സാധാരണമായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.എന്നാൽ പിന്നീടും ചില പ്രദേശങ്ങളിൽ വെടിയൊച്ച കേട്ടിരുന്നു.
അതേസമയം, അമൃത്സറിൽ ജില്ലാ കലക്‌ടർ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശമുണ്ട്. പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിച്ചതായി ജില്ലാ കലക്‌ടർ പ്രസ്‌താവനയിലൂടെ അറിയിച്ചു. റെഡ് അലർട്ടിനെ സൂചിപ്പിക്കുന്ന സൈറണുകൾ മുഴങ്ങിയാൽ ദയവായി ജനങ്ങള്‍ വീട്ടിൽ തന്നെ തുടരണം. ജനാലകളിൽ നിന്ന് അകന്നു നിൽക്കുക. പച്ച സിഗ്നൽ ലഭിക്കുമ്പോൾ തങ്ങൾ നിങ്ങളെ അറിയിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു.പുലർച്ചെ 4:39ന്, ലൈറ്റുകൾ ഓഫ് ചെയ്യാനും ജനാലകൾ, റോഡുകൾ, ബാൽക്കണികൾ എന്നിവയ്‌ക്ക് സമീപം പോകുന്നത് ഒഴിവാക്കാനും നിർദേശം വന്നിരുന്നു. പിന്നീട് സ്ഥിതി ശാന്തമാവുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ ധാരണ പാകിസ്ഥാൻ ലംഘിച്ചതിനാലാണ് വീണ്ടും നിർദേശമുണ്ടായത്.
ഇന്ത്യ ഈ ലംഘനങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, നേരത്തെ ഉണ്ടായ ധാരണയുടെ ലംഘനമാണിതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആവർത്തിക്കുന്ന പാക് പ്രകോപനത്തെ ശക്തമായി നേരിടാൻ ഇന്ത്യയുടെ സായുധ സേനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മിശ്രി പറഞ്ഞു. വെടി നിർത്തൽ ലംഘനത്തിൻ്റെ സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണം. ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.