India

ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് ഉ​ദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി

ഉത്തർപ്രദേശ് ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെർച്വൽ ആയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പ്രതിവർഷം 80 മുതൽ 100 ​​വരെ മിസൈലുകൾ നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണ യുണീറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓരോ വർഷവും 100 മുതൽ 150 വരെ പുതുതലമുറ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കും. അടുത്ത തലമുറ മിസൈലുകൾ ഒരു വർഷത്തിനുള്ളിൽ തയ്യാറായി വിതരണം ചെയ്യും. ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങൾക്ക് ഒരു ബ്രഹ്മോസ് മിസൈൽ മാത്രമേ വഹിക്കാൻ കഴിയൂ.

എന്നാൽ ഇനി മുതൽ അവയ്ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകൾ വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 300 കിലോമീറ്ററിലധികം പ്രഹരപരിധിയും 1,290 കിലോഗ്രാം ഭാരവുമുണ്ടാകും.

300 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ഉൽ‌പാദന യൂണിറ്റ് 290 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയും മാക് 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത ഈ മിസൈൽ കരയിൽ നിന്നോ കടലിൽ നിന്നോ വായുവിൽ നിന്നോ വിക്ഷേപിക്കാൻ കഴിയും. കൂടാതെ “ഫയർ ആൻഡ് ഫോർഗെറ്റ്” ഗൈഡൻസ് സിസ്റ്റം പിന്തുടരുന്നു.