കണ്ണൂർ: ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി. കൂടാതെ പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചു. രാജ്യത്തെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കരുത്. അവശ്യ സേവനങ്ങൾക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി.
ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മെയ് 11 മുതൽ മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
എന്നാൽ അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.