ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ഫെറാറി തങ്ങളുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വാഹനമായ ഫെരാരി എലെട്രിക്ക പുറത്തിറക്കുന്നു. 2025 ഒക്ടോബർ 9 ന് ക്യാപിറ്റൽ മാർക്കറ്റ്സ് ദിനത്തിലാണ് സാങ്കേതിക വിശദാംശങ്ങൾ കമ്പനി പ്രഖ്യാപിക്കുക. 2026 ഒക്ടോബറിൽ ഉപഭോക്താക്കൾക്കുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് ഫെറാറി സിഇഒ ബെനഡെറ്റോ വിഗ്ന വ്യക്തമാക്കിയത്..
‘ഫെറാറി എലെട്രിക്ക’ എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ ബ്രാൻഡിന്റെ മാരനെല്ലോ ഇ-ബിൽഡിംഗ് നിർമ്മാണ കേന്ദ്രത്തിലായിരിക്കും നിർമ്മിക്കുന്നത്. പുതിയ ഇവിയുടെ എല്ലാ ഇലക്ട്രിക് ഘടകങ്ങളും ബ്രാൻഡിന്റെ ജന്മനാടായ മാരനെല്ലോയിൽ വികസിപ്പിച്ച് കരകൗശലമായി നിർമ്മിക്കുന്നുണ്ടെന്നും ബെനെഡെറ്റോ വിഗ്ന വെളിപ്പെടുത്തി. കൂടാതെ, പെട്രോൾ, ഹൈബ്രിഡ്, പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിൽ കമ്പനി നിക്ഷേപം തുടരും.
പുതിയ ഫെരാരി ഇലക്ട്രിക് കാറിന്റെ തയ്യാറെടുപ്പ് പ്രക്രിയയിൽ, ബൊളോണ സർവകലാശാലയുമായും എൻഎക്സ്‌പിയുമായും ചേർന്ന് പുതിയ ഇ-സെൽസ് ലാബ് സ്ഥാപിക്കുക, ബാറ്ററിയുമായി ബന്ധപ്പെട്ട 200 പേറ്റന്റുകൾ ഫയൽ ചെയ്യുക എന്നിവയുൾപ്പെടെ വൈദ്യുതീകരണത്തിൽ കാർ നിർമ്മാതാവ് നിക്ഷേപം വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഒന്നിലധികം ഫെരാരി, മസെരാട്ടി മോഡലുകളുമായി ചില ഘടകങ്ങൾ പങ്കിടുന്ന നാല് വാതിലുകളുള്ള ഒരു ഹാച്ച്ബാക്ക് ക്രോസ്ഓവറിനോട് ഇവി സാമ്യമുള്ളതാണെന്ന് സ്പൈ ചിത്രങ്ങൾ കാണിക്കുന്നു.