News

മോദിയെ വിമര്‍ശിച്ചു, പിന്നാലെ പരിഹാസം;അനില്‍ നമ്പ്യാര്‍ക്കും ജനം ടിവിക്കും ചുട്ട മറുപടിയുമായി അഖില്‍ മാരാര്‍

അനില്‍ നമ്പ്യാര്‍ക്കും ജനം ടിവിക്കും മറുപടിയുമായി അഖില്‍ മാരാര്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ച അഖില്‍ മാരാര്‍ക്കെതിരെ കഴിഞ്ഞ ദിവസം ജനം ടിവിയിലൂടെ അനില്‍ നമ്പ്യാര്‍ രൂക്ഷമായ പരാമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാല ആയിരുന്നു അഖിലിന്റെ മറുപടി. അഖില്‍ തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനില്‍ നമ്പ്യാര്‍ക്കും ജനം ടിവിക്കും മറുപടി നല്‍കിയത്.

ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അഖില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചത്. ”നമ്മുടെ രാജ്യത്ത് യുദ്ധം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ഭരണാധികാരിയാണ്. അല്ലാതെ മറ്റു രാജ്യത്തുളളവര്‍ അല്ലാ അത് തീരുമാനിക്കേണ്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ ട്വിറ്റിലൂടെ വളരെ കൃത്യമായി പറയുന്നുണ്ട് അമേരിക്കയുടെ ഇടപ്പെടലിലൂടെയാണ് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിച്ചതെന്ന്. പിന്നെ എന്തിനാണ് ഇന്ത്യയ്ക്ക് ഇങ്ങനെയൊരു ഭരണാധികാരി,ട്രംപ് ട്വിറ്റ് ചെയതതിന് ശേഷം എന്തിനാണ് പ്രധാനമന്ത്രി വാര്‍ത്ത സമ്മേളനം നടത്തി സ്വയം പ്രശംസിച്ചത്” എന്നാണ് അഖില്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് അനില്‍ നമ്പ്യാര്‍ അഖിലിനെ പരിഹസിച്ചെത്തിയത്. ”രാജ്യത്തെ ഭരണാധികാരിയെ വിമര്‍ശിച്ച അഖില്‍ എത്രയും പെട്ടെന്ന് നാട്ടിലെ പരിപാടി അവസാനിപ്പിച്ച് ഡല്‍ഹിക്ക് പോകണമെന്നും, ഭരണസിര കേന്ദ്രത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്നാണ് അനില്‍ നമ്പ്യാര്‍ പറഞ്ഞത്.

ഈ പരാമര്‍ശത്തിന് മറുപടിയായിട്ടാണ് അഖില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് വീഡിയോയുമായി എത്തിയത്. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഏതെങ്കിലും ഒരു ഭീകരവാധിയെ ഈ യുദ്ധത്തില്‍ കൊല്ലാന്‍ സാധിച്ചോ എന്നും അഖില്‍ ചോദിച്ചു. ഇന്ത്യയില്‍ ഒരു പൗരന് സുരക്ഷിതമായി ജീവിക്കാം എന്നുളള എന്ത് ഉറപ്പാണ് മോദി നല്‍കിയത്. അമേരിക്ക മുന്‍കൈയെടുത്ത് അവസാനിപ്പിച്ച യുദ്ധം എങ്ങനെയാണ് ഇന്ത്യ അവസാനിപ്പിച്ചെന്ന് പറയുക എന്നും അഖില്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു. എന്റെ ഈ ചോദ്യങ്ങള്‍ക്ക് അനില്‍ നമ്പ്യാര്‍ മറുപടി പറയണമെന്നും അഖില്‍ പറഞ്ഞു.