Kerala

നിപയിൽ ആശ്വാസം; എട്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ്; 42 കാരിയുടെ ആരോഗ്യനില ഗുരുതരം

മലപ്പുറം: മലപ്പുറത്തെ നിപ ബാധിതയായ 42 കാരി ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വൈറസിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായില്ല. സമ്പര്‍ക്ക പട്ടികയിലുള്ള എട്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഹൈറിസ്ക് വിഭാഗത്തിലുള്‍പ്പട്ടെ ആറ് പേര്‍ പനിയും മറ്റ് ലക്ഷണങ്ങളുമായി ചികില്‍സയിൽ തുടരുകയാണ്.

ഏപ്രിൽ 25 നാണ് വളാഞ്ചേരി സ്വദേശിയായ സ്ത്രീ വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിൽ കടുത്ത പനിക്ക് ചികിത്സ തേടിയത്. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ മെയ് ഒന്നിന് ചികിത്സ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നു. ഭര്‍ത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌മെന്റ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.