മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ. മോഹൻലാൽ തന്നെയാണ് ഈ സന്തോഷ വാർത്ത ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വെറും 17 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഒറ്റക്കൊമ്പൻ കാട് കയറി 200 കോടി തൂക്കി , മലയാളത്തിന്റെ മോഹൻലാൽ തുടരും .. എന്നിങ്ങനെയാണ് താരത്തിന്റെ പോസ്റ്റിന് വന്ന കമൻറ്റുകൾ.
https://www.instagram.com/p/DJgx-D_SMxd/?igsh=ZWN6ZXEweXlteDRx
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും അതിൻ്റെ സ്ഥാനം കണ്ടെത്തി. ചില യാത്രകൾക്ക് ആരവങ്ങൾ ആവശ്യമില്ല, മുന്നോട്ട് കൊണ്ടുപോകാൻ ഹൃദയങ്ങൾ മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നോട്ട്. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’ മാറി. ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.
മറികടക്കാൻ ഇനി റെക്കോർഡുകൾ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീർവാദ് സിനിമാസ് അപ്ഡേറ്റ് പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹൻലാൽ’ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നേരത്തെ ചിത്രം വിദേശമാർക്കറ്റിൽ 10 മില്യൺ ഗ്രോസ് കളക്ഷൻ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.
2016-ൽ പുറത്തിറങ്ങിയ മോഹൻലാൽ- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ൽ പ്രദർശനത്തിനെത്തിയ ‘2018’ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായത്. 89 കോടിയിലേറെ രൂപയാണ് 2018 കേരളത്തിൽനിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനിൽ 250-കോടി പിന്നിട്ടിട്ടും കേരളത്തിൽ ‘2018’-നെ മറികടക്കാൻ മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല.