ഇന്ത്യ പാക് സംഘർഷത്തിനിടെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ സമീപിക്കാൻ ഒരുങ്ങി ഇന്ത്യ.പാകിസ്താൻ ഭീകരതയുമായി സഹകരിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ കൈമാറും. ഇതിനായി ഒരു പ്രത്യേക സംഘത്തെ അയക്കും. അടുത്ത ആഴ്ച, UNSCR 1267 ഉപരോധ സമിതി യോഗം ചേരും. ആഗോള ഭീകരവാദികളുടെ പട്ടിക നിശ്ചയിക്കുന്ന യുഎൻ സമിതിയാണ് 1267 ഉപരോധസമിതി എന്നറിയപ്പെടുന്നത്. യുഎൻ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.
അതിനിടെ ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മുകശ്മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക തുടരുകയാണ്. വെടിനിർത്തലിന് ശേഷം ഇന്നലെ രാത്രിയുണ്ടായ സ്ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല. അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം. വെടി നിർത്തൽ തീരുമാനിച്ചെങ്കിലും, ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.
വെടിനിർത്തൽ നിലവിൽ വന്നാലും ഭീകരതയോട് വിട്ടുവീഴ്ചയില്ല. അതിർത്തി കടന്നുള്ള ഭീകരത അവസാനിക്കുംവരെ സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്തെങ്കിലും പോംവഴിയുണ്ടോ എന്ന ചോദ്യത്തിന് പാകിസ്താൻ പിൻവാങ്ങണമെന്നായിരുന്നു മോദിയുടെ മറുപടി. കശ്മിരീൽ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ. അതിർത്തികളിൽ മാത്രമല്ല, പാകിസ്താന്റെ സേനാ ആസ്ഥാനമായ റാവൽപിണ്ടി വരെ ഇന്ത്യൻ സൈനികകരുത്തിന്റെ പ്രകമ്പനം അറിഞ്ഞെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.