india

9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, നൂറിലധികം ഭീകരരെ വധിച്ചു; പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ കൊടും തീവ്രവാദികളെ ഇല്ലാതാക്കി, വിശദീകരിച്ച് സേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു നൂറോളം ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ–പാക്ക് വെടിനിർത്തൽ ധാരണയ്ക്കുശേഷം നടത്തുന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‍‍‍പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ വധിച്ചു.

ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കടുക്കുന്നത്.

സൈന്യം ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്. കൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ആക്രമണത്തിൽ ചില ഭീകര കേന്ദ്രങ്ങളിൽനിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്തമാക്കി.

പാകിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ എയർമാർഷൽ എ.കെ.ഭാരതി പുറത്തുവിട്ടു. ബാവൽപുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും തകർത്തു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.