മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ സഹായിക്കുന്ന എഐ സാങ്കേതിക വിദ്യയാണ് ‘ബൈദു’. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വളർത്തുമൃഗങ്ങളുടെ ശബ്ദം, ശരീരഭാഷ, പെരുമാറ്റരീതികൾ എന്നിവ ശേഖരിച്ച് മെഷീൻ ലേണിങ് ഉപയോഗിച്ച് അവയുടെ അർഥം നമുക്ക് മനസ്സിലാക്കാൻ സഹായിക്കുന്നു.
ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ്. ചൈനീസ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്‌ട്രേഷനില്‍ ഇതിനായി ബൈദു ഒരു പേറ്റന്റ് ഫയല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ കാലമായി മൃഗങ്ങളുടെ ഭാഷ മനസിലാക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യര്‍ നടത്തുന്നുണ്ടെങ്കിലും അതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടാനാണ് ബൈഡു പുതിയ പേറ്റന്റിലൂടെ ശ്രമിക്കുന്നത്.
അതിനായി ആദ്യം മൃഗങ്ങളുണ്ടാക്കുന്ന ശബ്ദങ്ങള്‍, അവയുടെ പെരുമാറ്റ രീതികള്‍, ശരീരചലനങ്ങൾ എന്നിവ ഉള്‍പ്പടെയുള്ള ഡേറ്റകൾ ശേഖരിക്കുമെന്ന് പേറ്റന്റിന് നൽകിയ അപേക്ഷയിൽ പറയുന്നു. അതിനു ശേഷമായിരിക്കും എഐ ഉപയോഗിച്ചുള്ള വിശകലനം. തുടര്‍ന്ന് അവയുടെ അര്‍ത്ഥം മനസിലാക്കാന്‍ ശ്രമിക്കുകയും അത് മനുഷ്യഭാഷയിലേക്ക് മൊഴിമാറ്റുകയും ചെയ്യും.
മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള വൈകാരിക ആശയവിനിമയവും ധാരണയും സാധ്യമാക്കാനും ക്രോസ്-സ്പീഷീസ് ആശയവിനിമയത്തിന്റെ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായിക്കുമെന്നും കമ്പനി പേറ്റന്റ് രേഖയില്‍ പറയുന്നു.
എഐ രംഗത്ത് വന്‍ നിക്ഷേപം നടത്തിയ പ്രധാന ചൈനീസ് കമ്പനികളില്‍ ഒന്നാണ് ബൈദു. കമ്പനി കഴിഞ്ഞ മാസം പുറത്തിറക്കിയ ഏര്‍ണി 4.5 ടര്‍ബോ നിരവധി ബെഞ്ച് മാര്‍ക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
അതേസമയം ചൈനയ്ക്ക് പുറത്ത് എഐ ഉപയോഗിച്ച് മൃഗങ്ങളുടെ പറയുന്നതെന്താണെന്ന് മനസിലാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. 2020 മുതല്‍ പ്രൊജക്ട് സിഇടിഐയിലെ (സെറ്റേഷ്യന്‍ ട്രാന്‍സ്ലേഷന്‍ ഇനിഷ്യേറ്റീവ്) ഗവേഷകര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അനലാസിസും എഐയും ഉപയോഗിച്ച് എണ്ണത്തിമിംഗിലങ്ങളുടെ ആശയവിനിമയം മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് കൂടാതെ 2017 ല്‍ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, എര്‍ത്ത് സ്പീഷീസ് പ്രൊജക്ടിലൂടെ എഐ ഉപയോഗിച്ച് മൃഗങ്ങളുടെ ആശയവിനിമയം മനസിലാക്കാനുള്ള ശ്രമം നടന്നുവരികയാണ്.
ബൈദുവിന്റെ പുതിയ പേറ്റന്റ് രേഖകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.