ഇന്ത്യ പാക്ക് വെടിനിർത്തൽ കരാറിന് ശേഷമുള്ള രണ്ടാമത്തെ ദിനവും ശാന്തമായി കഴിഞ്ഞുപോയി. ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റാണെന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാൻ ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കുമോ എന്നതിൽ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങൾ വെളിപ്പെടുത്തി.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ സംയമനത്തോടെയാണ് എല്ലാ സൈനികനീക്കങ്ങളും നടത്തിയതെന്ന് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ മൂന്ന് സേനകളും ആവർത്തിച്ചു. പാക്കിസ്ഥാന്റെ എയർ റഡാർ സിസ്റ്റങ്ങളുടെ ആക്രമണം നടന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളടക്കം വ്യോമസേന പുറത്തുവിട്ടു . ഇന്ത്യ ഒരു ഘട്ടത്തിലും ജനവാസമേഖലകളിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ചക്‍ലാല, റഫീഖി എന്നീ വ്യോമത്താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതിൽ പ്രധാനം. ഇതിൽ ചക്‍ലാല പാക് തലസ്ഥാനമായ ഇസ്ലാമാബാദിനടുത്താണ്. മുറിദ്, റഫീഖ്, ചുനിയ, റഹിംയാർഖാൻ, സക്കർ എന്നിവിടങ്ങളിലും ഉന്നമിട്ട് ആക്രമിച്ചു. ഈ സൈനിക, വ്യോമത്താവളങ്ങളിലെ ഓരോ പ്രതിരോധസംവിധാനങ്ങളെയും ആക്രമിച്ചു. പാക് ഡിജിഎംഒ വിളിച്ചിരുന്നുവെന്നും ഇന്നലെ 3.35നാണ് പാക് ഡിജിഎംഒയുമായി സംസാരിച്ചതെന്നും സംയുക്ത സേന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.