ഇന്ത്യ പാക്ക് സംഘർഷത്തിന് അയവ് വന്നിരിക്കുകയാണ്. എങ്കിലും പാക്കിസ്ഥാനുമായുള്ള നിലപാടിൽ മാറ്റമില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.അത്കൊണ്ട് തന്നെ പാകിസ്ഥാനുമായുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരു വഴി മാത്രമേ തുറന്നിട്ടുള്ളൂ. അത് സൈനിക നടപടി മേധാവി(ഡയറക്‌ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്-ഡിജിഎംഒ) വഴിയുള്ളത് മാത്രമാണെന്നാണ് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കുന്ന കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കും വരെ ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ള സിന്ധുനദീജല കരാര്‍ ഇത് പോലെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പഹല്‍ഗാമിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചപ്പോള്‍ തന്നെ ലോകത്തെ അതേക്കുറിച്ച് അറിയിച്ചിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചിരുന്നു. പാകിസ്ഥാന്‍ ഏതെങ്കിലും തരത്തില്‍ ആക്രമണത്തിലേക്ക് നീങ്ങിയാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി ധരിപ്പിച്ചിരുന്നു. പാകിസ്ഥാന്‍ വെടിവയ്‌പിലേക്ക് നീങ്ങിയാല്‍ ഇന്ത്യയും തങ്ങളുടെ അവകാശം വിനിയോഗിക്കുമെന്ന് എല്ലാ നയതന്ത്ര ചര്‍ച്ചകളിലും ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്.
മെയ് ഏഴിന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായിരുന്നു ഇത്.
പാകിസ്ഥാന്‍ ഒരു തിരിച്ചടിക്ക് മുതിരാതിരുന്നാല്‍ ഇന്ത്യ ഇനി കൂടുതല്‍ ആക്രമണങ്ങളിലേക്ക് നീങ്ങില്ലെന്ന് ലോകത്തെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ ഇത് തെറ്റിച്ചാല്‍ തങ്ങളും അത്തരത്തില്‍ തന്നെ മറുപടി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. അക്കാര്യം പാകിസ്ഥാനെയും അറിയിച്ചുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാകിസ്ഥാന്‍ ഡിജിഎംഒയ്ക്കും ഇതേക്കുറിച്ചുള്ള അറിയിപ്പ് നല്‍കിയതാണ്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ജനങ്ങള്‍ക്കോ അടിസ്ഥാന സൗകര്യങ്ങള്‍ക്ക യാതൊരു നാശവും ഉണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.