India

ഹെെദരാബാദിൽ കറാച്ചി ബേക്കറിക്ക് നേരെ ബിജെപി ആക്രമണം; പേര് മാറ്റണമെന്ന് ആവശ്യം | Karachy Bakery

ഹൈദരാബാദ്: ഹൈദരാബാദില്‍ ‘കറാച്ചി ബേക്കറി’ക്ക് നേരെ ആക്രമണം. ശനിയാഴ്ച ഉച്ചയോടെയാണ് ബേക്കറിയുടെ ഷംഷാബാദ് ഔട്ട്‌ലെറ്റിന് മുന്നിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ‘പാകിസ്ഥാന്‍ വിരുദ്ധ മാര്‍ച്ചി’നിടെ ബിജെപി പ്രവര്‍ത്തകരാണ് പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബേക്കറി ആക്രമിച്ചത്.

ബേക്കറിയുടെ പേരെഴുതിയ ബോര്‍ഡ് തകര്‍ക്കാനും സംഘം ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ നീക്കിയത്. ബേക്കറിയുടെ പേരെഴുതിയ ബോര്‍ഡ് തുണികൊണ്ട് പകുതി മറച്ച നിലയിലുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഔട്ട്ലെറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കിയെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമാന ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ച വിശാഖപട്ടത്തെ ഔട്ട്‌ലെറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബേക്കറിയുടെ പേര് മാറ്റണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ അത് ചെയ്യുമെന്നും വലതുപക്ഷ നേതാവ് ഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മെയ് 7 ന് ബേക്കറിക്ക് സമീപം പൊലീസുകാരെ വിന്യസിക്കുകയായിരുന്നു.