Kerala

എംഡിഎംഎയുമായി യുവാക്കളെ പിടിച്ചെടുത്തു; പരിശോധനയിൽ ലഹരിവസ്തുവല്ലെന്ന് ഫലം; യുവാക്കളെ വിട്ടയച്ച് പോലീസ് | MDMA case

ഷൊര്‍ണ്ണൂര്‍: എംഡിഎംഎ കേസില്‍ റിമാന്‍ഡ് ചെയ്ത രണ്ട് യുവാക്കളെ പൊലീസ് വിട്ടയച്ചു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന ലാബ് പരിശോധനാ ഫലം വന്നതോടെയാണ് ഒറ്റപ്പാലം വട്ടംകണ്ടത്തില്‍ നജീം (28), ആറങ്ങോട്ടുകര കോഴിക്കോട്ടില്‍ ഷമീര്‍ (41) എന്നിവരെ വിട്ടയച്ചത്.

ഏപ്രില്‍ ഒന്‍പതിനാണ് കൊച്ചിന്‍ പാലത്തിന് സമീപത്ത് നിന്നും നജീമിനെയും ഷമീറിനെയും പൊലീസ് പിടികൂടുന്നത്. ഇവരില്‍ നിന്നും എംഡിഎംഎയ്ക്ക് സമാനമായ ഒരു ഗ്രാം പൊടിയും തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക്‌സ് ത്രാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. നജീം ലഹരി വിരുദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്നും പൊലീസ് പറയുന്നു.

എന്നാല്‍ ലാബ് പരിശോധനാ ഫലം വന്നതില്‍ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് വ്യക്തമായതോടെ ഇവരെ മോചിപ്പിക്കാന്‍ പൊലീസ് കോടതിയില്‍ കത്ത് നല്‍കുകയായിരുന്നു. കോഴിക്കോട്ടും സമാനസംഭവം ഉണ്ടായിരുന്നു. പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ എട്ട് മാസം റിമാന്‍ഡില്‍ കഴിഞ്ഞ യുവതിക്കും യുവാവിനും ജാമ്യം അനുവദിക്കുകയായിരുന്നു.

തച്ചംപൊയില്‍ പുഷ്പയെന്ന റെജീന (42), തെക്കെപുരയില്‍ സനീഷ് കുമാര്‍ (38) എന്നിവര്‍ക്കെതിരെ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റിലായിരുന്ന പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടില്‍ നിന്നും 58.53 ഗ്രാം എംഡിഎംഎയുമായി പുഷ്പയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരുടെ സുഹൃത്ത് സനീഷ് കുമാറിനെയും പൊലീസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.