Kerala

കോൺഗ്രസിൽ അഴിച്ചുപണി വരുന്നു; സൂചന നല്‍കി കെ സി വേണുഗോപാൽ | Congress

തിരുവനന്തപുരം: സണ്ണി ജോസഫ് അധ്യക്ഷ ചുമതലയേറ്റെടുത്തതിന് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കുള്ള അഴിച്ചുപണിക്കൊരുങ്ങുകയാണ് കെപിസിസി നേതൃത്വമെന്ന് റിപ്പോർട്ട്. പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കുകയാകും പുതിയ നേതൃത്വത്തിന്റെ പ്രഥമ ലക്ഷ്യം.

ഒരാഴ്ച്ചയ്ക്കകം പുനഃസംഘടന പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി വൈസ് പ്രസിഡന്റുമാരെയും ജനറൽ സെക്രട്ടറിമാരെയും തീരുമാനിക്കേണ്ടതുണ്ട്. ഇത് ഉടൻ ഉണ്ടാകും. യുവജനങ്ങളിലേക്ക് കൂടുതൽ എത്തിപ്പെടാനും ചടുലതയോടെ പ്രവർത്തിക്കാനുമായി യുവാക്കളുടെ പ്രാതിനിധ്യം കൂട്ടാൻ ധാരണയായിട്ടുണ്ട്. സണ്ണി ജോസഫ് അധ്യക്ഷനായതിന് ശേഷം നടത്തിയ പ്രസംഗത്തിൽ കെ സി വേണുഗോപാലും പുനഃസംഘടന ഉണ്ടാകുമെന്ന സൂചന നൽകിയിട്ടുണ്ട്. ജംബോ കമ്മിറ്റി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായി. നാളെ പുതിയ നേതൃത്വം ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.

അല്പസമയം മുൻപാണ് സണ്ണി ജോസഫ് കെപിസിസിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സണ്ണി ജോസഫിന് ചുമതല കൈമാറിയത്. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും.