Kerala

പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി കടക്കുന്നു; ; ചരിത്ര നേട്ടവുമായി കേരളം

കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം (എന്‍ആര്‍ഐ) മൂന്ന് ലക്ഷം കോടി പിന്നീടും. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി പിന്നിടും. 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച്, 2,86,063 കോടി രൂപയാണ് കേരളത്തിലെ പ്രവാസി നിക്ഷേപം. ഇതിന് ശേഷമുള്ള 2025 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ ഇത് മൂന്ന് ലക്ഷം കോടി പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രവാസി നിക്ഷേപങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24,000 കോടിയുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 9.4 ശതമാനമാണ് വര്‍ധന. പ്രവാസികള്‍ കുടുംബങ്ങള്‍ക്ക് അയയ്ക്കുന്ന വ്യക്തിഗത പണത്തിന് അപ്പുറത്ത് പരിപാലിക്കപ്പെടുന്ന വിദേശ കറന്‍സി അക്കൗണ്ടുകളാണ് നിക്ഷേപങ്ങളായി കണക്കാക്കുന്നത്. പലിശ നിരക്ക്, വിദേശ വിനിമ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ വഴി പണം കൈമാറ്റം വര്‍ധിച്ചതാണ് നിക്ഷേപ നിരക്കിലെ വര്‍ധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

 

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇത്തരം നിക്ഷേപങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2014 ലാണ് പ്രവാസി നിക്ഷേപങ്ങള്‍ ഒരു ലക്ഷം കോടി എന്ന നാഴികകല്ല് പിന്നിടുന്നത്. 2020 ഓടെ ഇത് ഇരട്ടിയായി. എന്നാല്‍ കഴിഞ്ഞ ആഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപങ്ങള്‍ അടുത്ത ഒരു ലക്ഷം കോടിയും പിന്നിടുകയായിരുന്നു. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രവാസി നിക്ഷേപങ്ങളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 75.71 രൂപയായിരുന്നു. നിലവില്‍ ഇത് 85.45 രൂപയാണ്. 14 ശതമാനമാണ് അഞ്ച് വര്‍ഷത്തിന് ഇടയില്‍ വന്ന വ്യത്യാസം.

കോവിഡ് കാലത്ത് ഇടിഞ്ഞ വിദേശത്ത് നിന്നുള്ള പണമയക്കല്‍ വീണ്ടും ശക്തമായതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം ഏകദേശം 19 ശതമാനം മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് ഈ ഇനത്തില്‍ ഉണ്ടായിട്ടുള്ളത്. 2020-21 ല്‍ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായി ആയി കുറഞ്ഞു. 2023-24 ല്‍ ആണ് പിന്നീട് മുന്നേറ്റം ഉണ്ടായത്. ഇക്കാലയളവില്‍ ഇന്ത്യയിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ 19.7 ശതമാനവും കേരളത്തിലായിരുന്നു. 2020-21 കാലത്ത് വന്ന ഇടിവിന്റെ വലിയൊരു പങ്കും ഇവിടെ നികത്തപ്പെട്ടു.

2025 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം, 2023-24 ല്‍ 11870 കോടി ഡോളറാണ് (118.7 ബില്ല്യണ്‍) ഇന്ത്യയിലേക്ക് എത്തിയത്. 2010-11 ല്‍ ഈ കണക്ക് 5560 കോടിയായിരുന്നു. ഒന്നര പതിറ്റാണ്ടിനിടെ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കണക്കില്‍ രേഖപ്പെടുത്തുന്നത്്. പുതിയ കണക്കുകളിലെ 2339 കോടിയും എത്തിയത് കേരളത്തിലേക്കാണ്.

പ്രവാസി നിക്ഷേപങ്ങളില്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. 27.7 ശതമാനമാണ് ഈ വിഹിതം. 19.2 ശതമാനമാണ് യുഎഇയില്‍ നിന്നുള്ള വിഹിതം. 2016 -17 ല്‍ 26.9 ശതമാനം വിഹിതവുമായി യുഎഇ ആയിരുന്നു മുന്നില്‍. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആകെ വിദേശ നിക്ഷേപ വിഹിതം 37.9 ശതമാനമാണ്.

 

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവ് കുറയുകയും യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ ഉയരുന്നതുമായ പ്രവണത വരും വര്‍ഷങ്ങളിലും തുടുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിലെ കെ വി ജോസഫ് പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരം കുറവായതാണ് ഈ ഇടിവിന് കാരണമെന്നും കെവി ജോസഫ് ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളും വിദഗ്ധ തൊഴിലാളികളും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോഴും മലയാളികള്‍ക്ക് ഗള്‍ഫ് നിര്‍ണായകമായി തുടരുമെന്ന് അവര്‍ പൂനെയിലെ ഫ്‌ലെയിം യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ ബാലന്‍ പറയുന്നു.