അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം.കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലെ 14 വർഷത്തെ ശ്രദ്ധേയമായ കരിയറിന് അന്ത്യം കുറിക്കുന്നതായി താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. ജൂൺ 20 ന് ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് പ്രഖ്യാപനം.
“ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ ഇങ്ങനെയൊരു യാത്രയിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഞാൻ കൊണ്ടുപോകേണ്ട പാഠങ്ങൾ എന്നെ പഠിപ്പിച്ചു,” കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ എഴുതി.
‘ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി.’
‘ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. എക്കാലവും ഞാൻ ടെസ്റ്റ് കരിയറിനെ സന്തോഷത്തോടെ നോക്കും. ടെസ്റ്റ് ക്യാപ് #269 ഇനിയില്ല.’ വിരാട് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനായാണ് 36 കാരനായ കോഹ്‌ലി വിരമിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവർക്ക് പിന്നിലാണ് താരം. 2011 ൽ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായി വെറും രണ്ട് മാസങ്ങൾക്ക് ശേഷം, വെസ്റ്റ് ഇൻഡീസിനെതിരെ ജമൈക്കയിൽ നടന്ന മത്സരത്തിലാണ് താരം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പുതുവത്സര ടെസ്റ്റിലാണ് താരം അവസാനമായി ഈ ഫോർമാറ്റിൽ കളിച്ചത്. 123 ടെസ്റ്റുകളിൽ നിന്ന് 46.85 ശരാശരിയിൽ 9,230 റൺസ് കോഹ്‌ലി നേടി. അതിൽ 30 സെഞ്ച്വറികളും 31 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. 2019 ൽ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ.