India

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകള്‍ക്കും നേരെ സൈബര്‍ ആക്രമണം | Cyber attack

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. മിസ്രിക്കും അദ്ദേഹത്തിന്റെ മകള്‍ക്കും നേരെയാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ അധിക്ഷേപം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് വിക്രം മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുകയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി രാജ്യത്തെ അറിയിച്ചിരുന്നത് വിദേശകാര്യ സെക്രട്ടറിയായിരുന്ന വിക്രം മിസ്രിയാണ്. മൂന്നു ദിവസത്തിലേറെ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച (മെയ് 10) വൈകീട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ കാര്യവും മിസ്രിയാണ് രാജ്യത്തെ അറിയിച്ചത്.

എന്നാല്‍ ഇതിനുശേഷവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് വെടിവെയ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിക്രം മിസ്രിക്ക് നേരെ സൈബറിടത്തില്‍ ആക്രമണം രൂക്ഷമായത്. വഞ്ചകന്‍, ദേശദ്രോഹി, നാണം കെട്ടവനും കുടുംബവും എന്നു തുടങ്ങിയ അധിക്ഷേപങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബറിടങ്ങളില്‍ നിറഞ്ഞത്. അഭിഭാഷക വിദ്യാര്‍ത്ഥിനിയായ വിക്രം മിസ്രിയുടെ മകള്‍ റോഹിന്‍ഗ്യകള്‍ക്കു വേണ്ടി നടത്തിയ ഇടപെടലാണ് അധിക്ഷേപത്തിന് ഇടയാക്കിയത്. മിസ്രിയുടെ മകളുടെ പൗരത്വത്തെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു.