Health

Exercise : രാവിലെയോ വൈകിട്ടോ! വ്യായാമം ചെയ്യാന്‍ പറ്റിയ സമയം ഏത് ?

ഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ദിവസവും വ്യായാമം ചെയ്യുന്നവരുണ്ട്. ചിലര്‍ രാവിലെ വ്യായാമം ചെയ്യുമ്പോള്‍ ചിലര്‍ വൈകുന്നേരമാണ് വ്യായാമത്തിനായി സമയം കണ്ടെത്തുന്നത്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാവിലെയാകട്ടെ വൈകുന്നേരമാകട്ടെ, വ്യായാമം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ വ്യത്യസ്തമാണ്. കൂടുതല്‍ അറിയാം….

രാവിലെ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍…

രാവിലത്തെ വ്യായാമം ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.രാവിലെ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അതിരാവിലെ വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഗുണമാണെന്ന് വിദഗ്ധര്‍ പറയുന്നു. വ്യായാമം എന്‍ഡോര്‍ഫിന്‍സ്, ഡോപാമിന്‍, സെറോടോണിന്‍ എന്നിവ പുറത്തുവിടുന്നു. ഇത് കൂടുതല്‍ സന്തോഷത്തിന് സഹായകമാണ്. പ്രഭാത ഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത് കൂടാതെ, പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായും വിദ്ഗദര്‍ പറയുന്നു.

വൈകുന്നേരം വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍…..

ജോലിത്തിരക്കുകള്‍ മൂലമോ ദിനചര്യകള്‍ കൊണ്ടോ രാവിലെ വ്യായാമം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്ക് ഈവനിംഗ് വര്‍ക്ക്ഔട്ട് വളരെ നല്ല ഓപ്ഷനാണ്.

വൈകുന്നേരങ്ങളില്‍ ഓക്സിജന്‍ ഉപയോഗം കുറവായിരിക്കും. ഇത് വ്യായാമം ചെയ്യുന്നയാളിന്റെ പ്രകടനത്തെ മെച്ചപ്പെടുത്തും. വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നത് വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

വൈകുന്നേരങ്ങളില്‍ പേശികള്‍ വഴക്കമുള്ളതും അയഞ്ഞതുമാകും, അതിനാല്‍ വ്യായാമങ്ങള്‍ അനായാസമായി ചെയ്യാം. മാത്രമല്ല, ഈ സമയത്തെ ഹൃദയമിടിപ്പ്, രക്ത സമ്മര്‍ദ്ദ നില എന്നിവയും മികച്ച രീതിയിലയിരിയ്ക്കും.

വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നവര്‍ ഇത് ശ്രദ്ധിക്കുക…..

ഉറങ്ങുന്നതിനു 4-5 മണിക്കൂര്‍ മുമ്പ് വ്യായാമം ചെയ്യുക, അല്ലാത്തപക്ഷം രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. വ്യായാമം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിയ്ക്കുക.

Latest News