വാഷിങ്ടൺ: അമേരിക്ക-ചൈന താരിഫ് യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയിൽ തീരുമാനം. 90 ദിവസത്തേക്ക് പകരച്ചുങ്കം പിൻവലിക്കാൻ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന വ്യാപാര ചർച്ചകൾക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല ചർച്ചയിലാണ് തീരുമാനം.
കരാർ പ്രകാരം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തിൽനിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.