ന്യൂഡൽഹി: ഖലിസ്താൻ തീവ്രവാദി നേതാവ് കശ്മീർ സിങ് ഗാൽവാഡിയെ എൻഐഎ അറസ്റ്റ് ചെയ്തു. 2022ലെ ഖലിസ്താൻ തീവ്രവാദ ഗൂഢാലോചനാ കേസിൽ പ്രതിയാണ് കശ്മീർ സിങ്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഗാൽവാഡി ബിഹാറിലെ മോത്തിഹാരിയിലാണ് പിടിയിലായത്. വിദേശത്ത് താമസിച്ച് ഖലിസ്താൻ മൂവ്‌മെന്റിന് നേതൃത്വം കൊടുക്കുന്ന ഹർവീന്ദർ സിങ് സന്ധു ഉൾപ്പെടെയുള്ള തീവ്രവാദികളുമായി ഇയാൾക്ക് ബന്ധമുണ്ട്.
എൻഐഎ നൽകുന്ന വിവരപ്രകാരം 2016ൽ പഞ്ചാബിലെ നാഭ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറുപേരിൽ ഒരാളാണ് കശ്മീർ സിങ്. ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം കുപ്രസിദ്ധ ഖലിസ്താനി തീവ്രവാദിയായ റിൻഡ അടക്കമുള്ളവരുമായി ചേർന്ന് കശ്മീർ സിങ് പ്രവർത്തിച്ചിരുന്നതായി എൻഐഎ പറഞ്ഞു.