News

ചെസ്സ് ചൂതാട്ടത്തിന്റെ രൂപം; അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ച് താലിബാൻ

അഫ്‌ഗാനിസ്ഥാനിൽ ചെസ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഇസ്ലാമിക നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന താലിബാന്റെ വീക്ഷണത്തിന്റെ വെളിച്ചത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്.

അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക ഇനങ്ങളെയും നിയന്ത്രിക്കുന്ന താലിബാന്റെ സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് ഈ നടപടി സ്വീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഇസ്ലാമിക ശരീഅത്ത് പ്രകാരം, ചെസ്സ് ചൂതാട്ടത്തിന്റെ രൂപമായി കണക്കാക്കപ്പെടുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുന്നതിനും തിന്മയെ തടയുന്നതിനും രാജ്യത്തെ നിയമപ്രകാരം ഇത് നിരോധിച്ചിരിക്കുന്നു. ചെസ്സ് കളിയോട് മതപരമായ എതിർപ്പുകൾ ഉണ്ട്, അതിനാൽ അഫ്ഗാനിസ്ഥാനിൽ കളി നിർത്തിവയ്‌ക്കും.

ഇത് സംബന്ധിച്ച പ്രതികരണത്തിൽ സ്‌പോർട്‌സ് ഡയറക്ടറേറ്റ് വക്താവ് അടൽ മഷ്‌വാനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ അനിശ്ചിത കാലത്തേക്കായി ചെസ്സ് വിലക്കുന്നതായി മഷ്‌വാനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്(എംഎംഎ)പോലുള്ള ഫ്രീഫൈറ്റിങ് പ്രൊഫഷണല്‍ മത്സരങ്ങള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.