News

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പഹല്‍ഗാമിലെ ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍,അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടങ്ങിയവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂരിനു കീഴില്‍ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാന്‍ സൈനിക താവളങ്ങള്‍ മാത്രമല്ല ആക്രമിച്ചത്, പാകിസ്ഥാന്‍ സൈന്യത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവല്‍പിണ്ടിയിലെ ശക്തികേന്ദ്രങ്ങളും ആക്രമിച്ചുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ നിരവധി കുടുംബങ്ങളുടെ നിറം തുടച്ചുമാറ്റിയ ഇന്ത്യാ വിരുദ്ധ ശക്തികളെയും തീവ്രവാദികളെയും ഇന്ത്യന്‍ സൈന്യം ശിക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രിതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ടക്കം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.