ന്യൂഡൽഹി: സാംബയിൽ വീണ്ടും പാകിസ്താന്റെ പ്രകോപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ ആണ് പാകിസ്താന്റെ ആക്രമണ ശ്രമം. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി.
ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോൺ ആക്രമണ ശ്രമം ചെറുത്തു. പഞ്ചാബിലെ ചിലയിടങ്ങളിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായിരുന്നെന്നും അമൃത്‌സറിൽ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ആക്രമണമൊന്നും നടന്നിട്ടില്ല. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 15 മിനിറ്റായി സാംബയിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.