ശ്രീനഗർ: നാലുദിവസം നീണ്ട കനത്ത പാക്ക് വെടിവയ്പിനൊടുവിൽ നിയന്ത്രണരേഖയിലും ജമ്മു മേഖലയിലെ രാജ്യാന്തര അതിർത്തിയിലും ശാന്തത. സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു.
പാക് ഷെല്ലിങ്ങിൽ ആളുകൾ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയുംചെയ്‌ത പൂഞ്ചിൽ വെടിയൊച്ചകളില്ലാത്ത രാത്രിയാണ് ഞായറാഴ്‌ച കടന്നുപോയതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്.
ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലും ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. വെടിനിർത്തൽ താത്കാലികമെന്നും പാക് സമീപനം വിലയിരുത്തി തുടർനടപടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.