Kerala

ഉത്സവത്തിനിടെ വാക്കുതര്‍ക്കം: ഇടുക്കിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് ക്രൂരമായി മർദനമേറ്റത്. ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിജേഷ് റോഡിലേക്ക് വീണതിന് ശേഷം തലയിൽ കമ്പി കൊണ്ട് പ്രതികൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ എട്ടുപേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവർ തോപ്രാംകുടിയിലെ സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. സംഭവത്തിന് ശേഷം എല്ലാ പ്രതികളും എറണാകുളത്തേക്ക് ഒളിവിൽ പോയിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ഇടുക്കി മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കൊച്ചിയില്‍ നിന്നാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.