റയൽ മാഡ്രിഡിന് പുതിയ പരിശീലകൻ എത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത്. മുന്‍ റയല്‍, സ്‌പെയിന്‍ താരവും നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ബയര്‍ ലെവര്‍കൂസന്‍ കോച്ചുമായ ഷാബി ആലോണ്‍സോയാണ് റയലിന്റെ പുതിയ കോച്ചായി എത്തുന്നതെന്നാണ് ഏറ്റവും പുതിയ വിവരം.
അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഷാബിയുടെ തന്ത്രത്തിലായിരിക്കും റയല്‍ കളിക്കുക. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഷാബി റയല്‍ പരിശീലകനാകുന്നത്. കഴിഞ്ഞ ദിവസം ഷാബി താന്‍ ബയര്‍ ലെവര്‍കൂസന്‍ പടി ഇറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തുടരെ 11 സീസണുകളായി കിരീടം ഉയര്‍ത്തിയ അതികായരായ ബയേണ്‍ മ്യൂണിക്കിന്റെ അപ്രമാദിത്വത്തിനു കടിഞ്ഞാണിട്ട് ലെവര്‍കൂസനെ ചരിത്രത്തിലാദ്യമായി ബുണ്ടസ് ലീഗ കിരീടത്തിലേക്ക് നയിക്കാന്‍ ഷാബിക്ക് സാധിച്ചിരുന്നു. അതും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അവര്‍ കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത്.
ഇത്തവണ കിരീടം ബയേണ്‍ തിരിച്ചു പിടിച്ചെങ്കിലും ലെവര്‍കൂസന്‍ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ അറ്റ്‌ലാന്റയോടു തോറ്റത് മാത്രമായിരുന്നു ഷാബിക്ക് തിരിച്ചടിയായത്. സീസണില്‍ ലെവര്‍കൂസന്‍ തോറ്റ ഏക മത്സരവും അതായിരുന്നു. ബുണ്ടസ് ലീഗ കിരീടത്തിനു പുറമേ ജര്‍മന്‍ കപ്പും ഷാബിയുടെ തന്ത്രത്തില്‍ ലെവര്‍കൂസന്‍ നേടി.
കളിക്കാരനെന്ന നിലയില്‍ ദീര്‍ഘനാള്‍ റയലില്‍ കളിച്ച ഷാബി അവര്‍ക്കൊപ്പം എല്ലാ കിരീടങ്ങളും നേടിയാണ് കരിയറിന്റെ അവസാന ഘട്ടത്തില്‍ ജര്‍മനിയിലേക്കു പോയത്. രണ്ട് സീസണില്‍ താരം ബയേണ്‍ മ്യൂണിക്കിനായി കളത്തിലെത്തി. പിന്നീടാണ് വിരമിച്ച് ലെവര്‍കൂസന്റെ പരിശീലകനായത്. കോച്ചിങില്‍ നൂതന തന്ത്രങ്ങളുമായാണ് ഷാബി ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്. ആ മികവ് റയലില്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് 43കാരന്‍.
content highlight: Real Madrid coach