Kerala

‘പരിപാടി സംഘടിപ്പിച്ചത് മഴപെയ്തു നനഞ്ഞ പാടത്ത്; മതിയായ സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല’; സംഘാടകര്‍ക്കെതിരെ മരിച്ച ടെക്‌നീഷ്യന്റെ കുടുംബം രംഗത്ത്

തിരുവനന്തപുരം: കിളിമാനൂരിൽ നടത്താനിരുന്ന റാപ്പര്‍ വേടന്റെ സംഗീതപരിപാടിയുടെ സംഘാടകര്‍ക്കെതിരെ മരിച്ച ടെക്‌നീഷ്യന്റെ കുടുംബം രംഗത്ത്. എല്‍ഇഡി ഡിസ്‌പ്ലേ ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ടെക്‌നീഷ്യന്‍ ലിജു ഗോപിനാഥിന്റെ മരണം. മഴപെയ്തു നനഞ്ഞുകിടന്ന പാടത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു.

പതിനായിരകണക്കിന് കാണികള്‍ തടിച്ചുകൂടിയ പരിപാടിയില്‍ ആവശ്യമായ സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ഇങ്ങനെ ഒരു പരിപാടിക്ക് പോലീസ് അനുമതി നല്‍കുമ്പോള്‍ ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ സംഘം, ആംബുലന്‍സ് സേവനം, മതിയായ വോളണ്ടിയേഴ്‌സ്, പോലീസ് സേവനം എന്നിവ കൃത്യമായി ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇതൊന്നും പരിപാടി നടന്ന സ്ഥലത്ത് കാണാന്‍ കഴിഞ്ഞിട്ടില്ല. ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍ ചെയ്തതായി അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

തിരക്ക് കാരണം വേടന് സ്റ്റേജില്‍ എത്താന്‍ സാധിക്കില്ല എന്ന് കാട്ടിയാണ് സംഘാടകര്‍ പരിപാടി കാന്‍സല്‍ ചെയ്തതായി അറിയിച്ചത്. രോഷാകുലരായ ജനം ചെളി വാരി എറിയുകയും പിന്നീട് അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഇതെല്ലാം പോലീസിന് കയ്യുംകെട്ടി നോക്കി നില്‍ക്കേണ്ടി വന്നുവെന്നും ആരോപണമുണ്ട്.

മരണത്തിനുശേഷം സംഘാടകര്‍ കുടുംബത്തെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇവര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംഘാടകര്‍ ചിലര്‍ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ വേടന്‍ അന്ന് ഈ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഭീമമായ തുക ലോണെടുത്തും ഭാര്യ ആതിരയുടെയും മകളുടെയും സ്വര്‍ണം പണയപ്പെടുത്തിയും ഒക്കെയാണ് ഡിസ്‌പ്ലേ സ്വന്തമാക്കിയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജു. ബാക്കിയായ ലോണ്‍ എങ്ങനെ അടക്കുമെന്നും ജീവിത ചിലവുകള്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്നും അറിയില്ലെന്ന് ഭാര്യ ആതിര പറഞ്ഞു.

ആവശ്യമായ നിയമനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പരാതിയുമായി മുഖ്യമന്ത്രിയേയും ഉന്നത പോലീസ് മേധാവികളെയും വകുപ്പുകളെയും സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി. ഡിസ്‌പ്ലേക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരുന്ന കേബിളുകള്‍ എല്ലാം തന്നെ പാടത്ത് വെള്ളത്തിനടിയില്‍ ആയിരുന്നു. ഇതാണ് വൈദ്യുതാഘാതം ഏല്‍ക്കാന്‍ കാരണമെന്ന് കുടുംബം പ്രതികരിച്ചു.

ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. രാത്രി എട്ടിന് നടക്കേണ്ട പരിപാടിക്കായി വൈകുന്നേരം നാലുമണിയോടെ പാടത്ത് സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.