ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ എന്നും താരമൂല്യമായിരുന്നു പ്രധാനം.അതിനനുസരിച്ച് ഓരോ കാലത്തും ഓരോ താരങ്ങളായിരിക്കും തീരുമാനങ്ങളെടുക്കുന്നത്.ഇത് ഏറെ വിമർശനങ്ങൾക്കും കാരണമായിരുന്നു. രോഹിത് ശര്‍മയ്ക്കു പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് ടീമിനോട് വിട പറഞ്ഞതോടെ ഈ രീതിക്ക് മാറ്റം വരും എന്നാണ് പ്രതീക്ഷ. ഇനി പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിയന്ത്രണത്തിലായിരിക്കും കാര്യങ്ങൾ
കളിക്കാരുടെ ശക്തിക്കു മുന്നില്‍ പരിശീലര്‍ക്ക് പിന്‍മാറേണ്ടി വന്ന ചരിത്രം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്. ബിഷന്‍ സിങ് ബേദി മുതൽ ഒരു നിര തന്നെയുണ്ട്.ക്രെയ്ഗ് ചാപ്പലാണ് ഈ സൂപ്പര്‍ താര സംസ്‌കാരത്തെ വെല്ലുവിളിച്ച ഒരു പരിശീലകന്‍. എന്നാല്‍ അദ്ദേഹത്തിനു അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി തല്ലുണ്ടാക്കി പിരിയേണ്ടി വന്നു. അനില്‍ കുംബ്ലെയാണ് ഈ സംസ്‌കാരത്തിന്റെ ബലിയാടാകേണ്ടി വന്ന മറ്റൊരാള്‍. കോഹ്‌ലിയുമായുള്ള കുംബ്ലെയുടെ അസ്വാരസ്യങ്ങൾ അന്ന് ചർച്ച ചെയ്യപ്പെട്ടതുമാണ്.
അതേസമയം താരങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യാതെ വിജയങ്ങള്‍ വരിച്ച പരിശീലകരും ഇന്ത്യന്‍ ടീമിലുണ്ട്. ജോണ്‍ റൗറ്റ്, ഗാരി കേസ്റ്റന്‍, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എല്ലാം തന്നെ ഇത്തരത്തിൽ പരിശീലകനായി തുടർന്നിരുന്നവരാണ്.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ പുതിയൊരു ടെസ്റ്റ് സംഘത്തെയാണ് കളത്തിലിറക്കാന്‍ പോകുന്നത്. രോഹിതും കോഹ്‌ലിയും ആര്‍ അശ്വിനും ഇല്ലാത്ത പുതിയൊരു ടീം. ഗംഭീറിന്റെ ഭാവനയ്ക്കും കണക്കുകൂട്ടലിനും അനുസരിച്ചുള്ളൊരു ടീം. ആ ടീമിന്റെ കടിഞ്ഞാണ്‍ ഗംഭീറിന്റെ കൈകളിലായിരിക്കും. രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരുടെ പൊടുന്നനെയുള്ള ടെസ്റ്റ് വിരമിക്കലിനു പിന്നിൽ ഗംഭീറിന്റെ സ്വാധീനമുണ്ടെന്ന ആരോപണം പല ആരാധകരും ഉന്നയിക്കുന്നുണ്ട്.
ഗംഭീര്‍ ടീമിന്റെ പരിശീലകനായി വരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പദ്ധതികളില്‍ മുഖ്യമായത് ടീമിലെ സ്റ്റാര്‍ സംസ്‌കാരം ഇല്ലാതാക്കുക എന്നതായിരുന്നു. ടി20 ടീമില്‍ നിലവില്‍ അത്തരമൊരു സംസ്‌കാരത്തിനു ഗംഭീര്‍ തുടക്കമിട്ടു കഴിഞ്ഞു. ടെസ്റ്റ് ടീമിലും അതുതന്നെയാണ് ഇനി സംഭവിക്കാന്‍ പോകുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പതിപ്പില്‍ അടിമുടി മാറിയ ഒരു ഇന്ത്യന്‍ ടീമിനെ അവതരിപ്പിക്കുക എന്നതാണ് ഗംഭീറിന്റെ മനസിലുണ്ടായിരുന്ന പദ്ധതി. സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കറും സമാന ചിന്താഗതിക്കാരന്‍ തന്നെയാണെന്നു ബിസിസിഐയോടു അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ സമീപ കാലത്ത് ഇന്ത്യയെ നയിച്ച ഈ ക്യാപ്റ്റന്‍മാരായിരുന്നു ടീമില്‍ ആരൊക്കെ കളിക്കണമെന്നതടക്കമുള്ള തീരുമാനങ്ങളിലെ കേന്ദ്ര ബിന്ദു. എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല. ഗംഭീറായിരിക്കും ടീമിലെ അവസാന വാക്ക്.