ശരീരത്തിലെ പ്രധാന വിഷവിമുക്തീകരണ അവയവങ്ങളാണ് കരളും വൃക്കകളും. ഇവ രണ്ടും ശരീരത്തിലെ ബാലൻസ് നിലനിർത്തുകയും, പോഷകങ്ങളെ സംസ്കരിക്കുകയും, മാലിന്യങ്ങളെ ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു.
എന്നാൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, നിർജ്ജലീകരണം, മറ്റ് മോശം ശീലങ്ങൾ എന്നിവ കാരണം കാലക്രമേണ ഇവയ്ക്ക് മേൽ വലിയ സമ്മർദ്ദം അനുഭവപ്പെടാം. പ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിന് പകരം, നമുക്ക് ചില ശീലങ്ങൾ ഇന്ന് തന്നെ തുടങ്ങിയാലോ?
ഓർക്കുക ഈ അവയവങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ചില ലളിതമായ ദിനചര്യകൾക്ക് സാധിക്കും. ഏറ്റവും നല്ല കാര്യം എന്താണെന്നോ? ഈ കാര്യങ്ങൾ ചെയ്യാൻ വെറും അഞ്ച് മിനിറ്റ് മതി.
മസാജ് ചെയ്യാം
വൃക്ക, കരൾ എന്നിവയുടെ ഭാഗങ്ങളിൽ മൃദുവായി മസാജ് ചെയ്യുന്നത് ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുകയും, ലിംഫറ്റിക് ഡ്രെയിനേജ് വർദ്ധിപ്പിക്കുകയും, രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.
ഏകദേശം രണ്ട് മിനിറ്റ് നേരം, വയറിൻ്റെ വലതുവശത്തായി സ്ഥിതി ചെയ്യുന്ന കരളിന് മുകളിൽ കൈവെച്ച് മൃദുവായി വൃത്താകൃതിയിൽ മസാജ് ചെയ്യുക.
താഴെ പുറകിലേക്ക് വരുമ്പോൾ വൃക്കകളുടെ ഭാഗത്ത് നേരിയ സമ്മർദ്ദം നൽകുക.
കൂടുതൽ വിശ്രമത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും, സാവധാനത്തിലും ആഴത്തിലും ശ്വാസമെടുത്ത് ഈ പ്രക്രിയ ആവർത്തിക്കുക.
തുടർച്ചയായി ഇത് ചെയ്യുന്നത് ഈ അവയവങ്ങളിലെ സമ്മർദ്ദം കുറയ്ക്കാനും, അവയുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
പെരുംജീരകം
ദഹനത്തിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത വസ്തുവാണ് പെരുംജീരകം. എന്നാൽ ഇതിന് കരളിനെയും വൃക്കയെയും ശുദ്ധീകരിക്കുന്ന ചില ഗുണങ്ങളുമുണ്ട്. ഈ ചെറിയ വിത്തുകൾ ശരീരത്തിലെ അധിക ദ്രാവകം നീക്കം ചെയ്യാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.
മഞ്ഞൾ
വിചിത്രമായി തോന്നാമെങ്കിലും, ചെറുചൂടുള്ള വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ഗാർഗിൾ ചെയ്യുന്നത് വൃക്കകളിലും കരളിലും വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും. കരളിനോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതും ദഹനപ്രക്രിയയെ നിയന്ത്രിക്കുന്നതുമായ വാഗസ് നാഡി, മഞ്ഞൾ വെള്ളം ഗാർഗിൾ ചെയ്യുമ്പോൾ ഉത്തേജിപ്പിക്കപ്പെടുന്നു. ഈ ചെറിയ ശീലത്തിൻ്റെ ഫലങ്ങൾ അത്ഭുതകരമായിരിക്കും, കാരണം കരളിൻ്റെ ശുദ്ധീകരണ ശേഷി ദഹനത്തെ വളരെയധികം സ്വാധീനിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ വീക്കം കുറയ്ക്കാനും കരളിനെ സംരക്ഷിക്കാനും സഹായിക്കും.
ആവണക്കെണ്ണ
ആവണക്കെണ്ണ ഹോളിസ്റ്റിക് മെഡിസിനിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത വിഷവിമുക്തീകരണ എണ്ണയാണ്. ഇത് ലിംഫറ്റിക് ഡ്രെയിനേജും കരളിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കരളിന് മുകളിൽ ആവണക്കെണ്ണയുടെ ചൂടുള്ള കംപ്രസ് വെക്കുന്നത് പിത്തരസത്തിൻ്റെ ഒഴുക്ക് വർദ്ധിപ്പിക്കാനും, വീക്കം കുറയ്ക്കാനും, കരളിന്റെ വിഷവിമുക്തീകരണ പ്രക്രിയയെ മെച്ചപ്പെടുത്താനും സഹായിക്കും.
ഈ ലളിതമായ ശീലങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ കരളിന്റെയും വൃക്കയുടെയും ആരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാൻ സാധിക്കും. ഓർക്കുക, ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾ നൽകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയും, ഓൺലൈനിൽ വരുന്ന ആരോഗ്യ നിർദേശങ്ങൾ പിന്തുടരുകയും ചെയ്യുക.