ആളുകൾക്ക് പല കാരണങ്ങൾ കൊണ്ട് തലവേദന അനുഭവപ്പെടാറുണ്ട്. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന ഉണ്ടാകാറുണ്ട്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും തലവേദന കാണാറുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ മൈഗ്രേന്‍ ഉണ്ടാകാം. ജനിതകമായ കാരണങ്ങള്‍, പാരിസ്ഥിതികമായ മാറ്റങ്ങള്‍, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എന്നിവ കുട്ടികളില്‍ മൈഗ്രേന്‍ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. ലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞാല്‍ കുട്ടികളിലെ മൈഗ്രേന്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.
എന്നാൽ പലപ്പോഴും കുട്ടികളിലെ ഈ തലവേദനയെ അവർക്ക് പഠിക്കാനുള്ള മടിയുമായി ബന്ധപ്പെടുത്തുന്നവർ ഏറെയാണ്. പഠിക്കാനിരിക്കുമ്പോഴേക്കും തലവേദനയെത്തി എന്ന് പരാതിപ്പെടുന്ന മാതാപിതാക്കൾ അതത്ര നിസ്സാരമാക്കരുതെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ.
കുട്ടികൾ തലവേദനയുടെ തീവ്രത പങ്കുവെക്കുമ്പോൾ മാതാപിതാക്കൾ അത് നിസ്സാരമാക്കരുതെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്. കുട്ടികളിലും മൈഗ്രേൻ സാധാരണമാണെന്നും അതുകൊണ്ടാകാം തലവേദന ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.
അഞ്ചുവയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ള നിരവധി കുട്ടികളെ ചികിത്സിച്ചതിലൂടെയാണ് താൻ ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും കുട്ടികൾ കൃത്യമായി തലവേദനയുടെ ലക്ഷണങ്ങൾ പങ്കുവെക്കാറില്ല, ഇത് കൃത്യമായി രോഗസ്ഥിരീകരണം നടത്തുന്നതിൽ വെല്ലുവിളിയാകും. കുട്ടികളിലെ മൈഗ്രേയ്ന് കൃത്യമായ ചികിത്സയുണ്ടെന്നും അദ്ദേഹം പറയുന്നു.
മുതിർന്നവരിലെ പോലെ തന്നെ കുട്ടികളിലും മൈഗ്രേൻ പ്രകടമാകാറുണ്ട്. മുതിർന്നവരിലെ മൈഗ്രേൻ പൊതുവേ ഒരുവശത്തുമാത്രം വേദനയായാണ് പ്രകടമാകുന്നതെങ്കിൽ കുട്ടികളിൽ ഇരുവശത്തും വേദന അനുഭവപ്പെടാം.
മുതിർന്നവരുടേതുപോലെ നീണ്ട മൈഗ്രേൻ അറ്റാക്കല്ല കുട്ടികളിൽ ഉണ്ടാവുക. എങ്കിലും പഠനത്തേയും പാഠ്യേതര വിഷയങ്ങളേയും ബാധിക്കുമെന്നതിനാൽ വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്. അസഹ്യമായ തലവേദനയാണ് പ്രധാന ലക്ഷണം. തലയുടെ മുൻവശത്തോ ഇരുവശങ്ങളിലോ ആയാണ് വേദന പൊതുവേ പ്രകടമാവുകയെങ്കിലും തല മുഴുവനായോ ഒരുഭാഗത്ത് മാത്രമായോ പ്രത്യക്ഷമാവുകയും ചെയ്യാം.
തലവേദനയ്‌ക്കൊപ്പം തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസ്വസ്ഥത, വിശപ്പില്ലായ്മ, അടിവയറിൽ വേദന, ഛർദി, ഓക്കാനം തുടങ്ങിയവയും അനുഭവപ്പെടാം.
















