തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം. പരാതിക്കാരിയായ അഭിഭാഷകയുടെ കവിളിൽ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകൾ ഒന്നും തന്നെ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ പ്രതി ബെയ്‌ലിന്‍ ദാസ് ഒളിവിലാണ്.
ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണുവെന്നും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. സംഭവം പുറത്തായതിന് പിന്നാലെ പ്രതിയായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പിടികൂടാൻ നഗരത്തിൽ പോലീസ് തെരച്ചിൽ തുടങ്ങി. പ്രതി ബെയിലിൻ ദാസനെതിരെ സമാനമായ രീതിയിലുള്ള കുറ്റകൃത്യ ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട് എന്നാണ് വിവരം. തടഞ്ഞുവെക്കല്‍, സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളാണ്.
പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകൾ ഒന്നുമില്ല. പൊലീസിന് പുറമേ വനിതാ കമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
അതേസമയം അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷൻ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും അസോസിയേഷൻ പറഞ്ഞു.