Kerala

കൊച്ചിയിൽ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. തമ്പാനൂർ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.

സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികൾ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങൾ നിറച്ച ബാ​ഗുമുണ്ടായിരുന്നു. തങ്ങൾ എങ്ങനെയാണ് തമ്പാനൂർ എത്തിതെന്ന് അറിയില്ലെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഇന്നലെയാണ് വിദ്യാർത്ഥികളെ ഫോർട്ട്‌ കൊച്ചിയിൽ നിന്ന് കാണാതായത്. ഫോർട്ട്‌ കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ്‌ അഫ്രീദ്, മുഹമ്മദ്‌ ഹാഫിസ്, ആദിൽ മുഹമ്മദ്‌ എന്നിവരെയാണ് കാണാതായത്. വിദ്യാർത്ഥകൾ ട്രെയിനിൽ കയറി പോയതായാണെന്ന സംശയത്തിലായിരുന്നു രക്ഷിതാക്കളും പൊലീസും. കുട്ടികളിൽ രണ്ട് പേരുടെ വീട്ടിൽ നിന്ന് 3000 രൂപയോളം കാണാതായിരുന്നു. ഈ പണം ഉപയോ​ഗിച്ച് ഇവർ വിനോദ യാത്രയക്ക് പോയതാണെന്ന സംശയത്തിലായിരുന്നു കുടുംബവും പൊലീസും. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. മുഹമ്മദ്‌ ഹാഫിസ് ആറാം ക്ലാസ് വിദ്യാർത്ഥിയും മുഹമ്മദ്‌ അഫ്രീദ്, ആദിൽ മുഹമ്മദ്‌ എന്നിവർ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്.

കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കൾ ഫോർട്ട് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.