ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തിൻ്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായകമായ പങ്കാണ് മഗ്നീഷ്യം വഹിക്കുന്നത്. അതിൽ ഊർജ്ജോത്പാദനം മുതൽ പേശികളുടെ ആരോഗ്യം വരെ ഉൾപ്പെടുന്നു.
എന്നാൽ ഇതിൻ്റെ കുറവ് ശരീരത്തിൽ വളരെ സൂക്ഷമമായ ലക്ഷണങ്ങൾ മാത്രം കാണിക്കുന്നതു കൊണ്ട് പലപ്പോഴും അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അധികം ആളുകളും തിരിച്ചറിയാതെ പോകുന്നു. ഇത് പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് കാരണമാകും.
പേശികൾക്കും ഹൃദയത്തിനും അപ്പുറം, ആരോഗ്യകരമായ അസ്ഥികളും ഉപാപചയ പ്രവർത്തനങ്ങളും നിലനിർത്തുന്നതിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ കുറവ് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
കൂടാതെ ഇൻസുലിൻ സംവേദനക്ഷമതയെ ഇത് ദുർബലപ്പെടുത്തുന്നു. ഇത് ടൈപ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.
കോശങ്ങൾക്കുള്ളിലെ ഊർജ്ജ ഉത്പാദനത്തിന് മഗ്നീഷ്യം വളരെ പ്രധാനമാണ്. അതിനാൽ ക്ഷീണം, ബലഹീനത, എന്നിവയാണ് മഗ്നീഷ്യത്തിൻ്റെ കുറവ് ശരീരത്തിൽ ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ.
ശരീരത്തിൽ മഗ്നീഷ്യം കുറയുമ്പോൾ ഊർജ്ജോത്പാദനത്തിലും തടസ്സം സംഭവിക്കും. ഇത് ക്ഷീണത്തിനു പുറമേ കാലുകൾ, പാദങ്ങൾ, അല്ലെങ്കിൽ മുഖം എന്നിവിടങ്ങളിൽ പേശിവലിവുണ്ടാക്കുന്നു.
ഹൃദയമിടിപ്പ്, ആരോഗ്യകരമായ രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിലും മഗ്നീഷ്യത്തിൻ്റെ പങ്കുണ്ട്. ഇതിൻ്റെ കുറവ് ഹൃദയാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
മഗ്നീഷ്യത്തിൻ്റെ അളവ് കുറയുമ്പോൾ ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്താതി സമ്മർദ്ദം എന്നിവയ്ക്കു കാരണമാകും. ഇത് പക്ഷാഘാതത്തിലേയ്ക്കു നയിച്ചേക്കും. മഗ്നീഷ്യത്തിന്റെ കുറവ് ഓക്കാനം, ഛർദ്ദി, വിശപ്പിൻ്റെ കുറവ് എന്നിവയ്ക്കു കാരണമാകും.
ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെ ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം എത്തിക്കാൻ സാധിക്കും. ഇലക്കറികൾ, നട്സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങി മഗ്നീഷ്യത്തിൻ്റെ പ്രധാന ഉറവിടങ്ങളായ വിഭവങ്ങൾ ഉൾപ്പെടുത്തി സമീകൃതമായ ആഹാരം ശീലമാക്കാം. അമിതമായി ക്ഷീണം അനുഭവപ്പെടുമ്പോൾ ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടണം.