Tech

എഐ പവറോടെ മെറ്റയുടെ പുത്തന്‍ റേ-ബാന്‍ ഗ്ലാസ് ഇന്ത്യയിലും! ഞെട്ടിക്കുന്ന ഫീച്ചറുകൾ, പ്രതീക്ഷിച്ചതിലും വില കുറവ്

മെറ്റയും പ്രമുഖ സ്‌പെക്‌സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ടിതമായ റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു. പ്രീ-ഓർഡറുകൾ ആരംഭിച്ചു. മെയ് 19 മുതൽ റേ-ബാൻ വെബ്ബ് സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലൂടെയും വാങ്ങാൻ സാധിക്കും.

മെറ്റയും റേ-ബാൻ ഗ്ലാസിന്റെ മാതൃകമ്പനിയുമായ എസ്സിലോർ ലക്‌സോട്ടിക്കയും ചേർന്നാണ് റേ-ബാൻ മെറ്റ ഗ്ലാസ് പുറത്തിറക്കുന്നത്. രണ്ട് കാമറകളും ഓപ്പൺ ഇയർ സ്പീക്കറുകളും മൈക്രോഫോണും മെറ്റ ഗ്ലാസിൽ ഉണ്ട്. Qualcomm Snapdragon AR1 Gen1 പ്രോസസർ ആണ് ഗ്ലാസിൽ ഉപയോഗിക്കുന്നത്. 12 എംപി കാമറയും ഗ്ലാസിൽ ഉണ്ട്.

കോൾ, മീഡിയ സ്ട്രീമിങ്, ഫോട്ടോകളും വീഡിയോഗ്രാഫി, മെറ്റ AI വഴി വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് തത്സമയ വിവരങ്ങൾ ആക്‌സസ് ചെയ്യൽ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഹാൻഡ്‌സ്-ഫ്രീ ആയി ചെയ്യാൻ സാധിക്കും.

ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും. കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകർത്താം, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ ഒട്ടേറെ സവിശേഷതകളുള്ള സ്മാർട്ട് ഗ്ലാസുകളാണ് ഇന്ത്യയിലുമെത്തുന്നത്.

വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാൻ ഈ സ്മാർട്ട് ഗ്ലാസുകൾക്ക് സാധിക്കും. സ്മാർട്ട് ഗ്ലാസിലുള്ള ബിൽറ്റ്-ഇൻ ക്യാമറകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഹാൻഡ് ഫ്രീയായി അവർ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകർത്താം.റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾ​ ചോദിച്ചാൽ ഉത്തരം നൽകാൻ അതിന് കഴിയും.

ഫോൺ വിളിക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു. ഫ്രെയിമുകളിൽ ഘടിപ്പിച്ചിട്ടുള്ള ഓപ്പൺ-ഇയർ സ്പീക്കറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഫോൺ വിളിക്കുന്ന സന്ദർഭങ്ങളിൽ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാൻഡുകൾക്കുമായി ഇവയിൽ മൾട്ടി-മൈക്രോഫോൺ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോഫോണുകൾ ഉൾപ്പെട്ടതാണിത്.

തൽസമയ വിവർത്തനം നടത്താനുള്ള കഴിവാണ് ഒരു പ്രധാന സവിശേഷത. മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാൾ പറയുന്നത് വിവർത്തനം ചെയ്യാൻ ഉപയോക്താക്കൾക്ക് ‘Hey Meta, start live translation’ എന്ന നിർദേശം നൽകിയാൽ മാത്രം മതി. ഗ്ലാസിന്റെ ഫ്രെയിമിൽ ഘടിപ്പിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ മറുവശത്തുള്ള ആൾക്ക് കേൾക്കാൻ കഴിയും.

മെച്ചപ്പെടുത്തിയ AI അപ്‌ഡേറ്റുകൾ സഹിതമാണ് പുതിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ എത്തുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നേരത്തെ ആക്‌സസ് ഉണ്ടായിരുന്ന ലൈവ് ട്രാൻസ്ലേഷൻ ഫീച്ചർ ഇപ്പോൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.

ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്‌താൽ വൈ-ഫൈ കണക്ഷൻ ആവശ്യമില്ലാതെ തന്നെ പിന്തുണയ്‌ക്കുന്ന ഭാഷകളിലുടനീളം തടസ്സമില്ലാത്ത സംഭാഷണങ്ങൾ സാധ്യമാകും.

വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവയിലൂടെ കോളുകൾ ചെയ്യാനും മെസേജ് അയയ്ക്കാനും സാധിക്കും. ഇത് ഒരുപോലെ ആൻഡ്രോയിഡ് ഫോണുകളെയും ഐഫോണുകളെയും സപ്പോർട്ട് ചെയ്യുന്നുണ്ട്.

സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ മ്യൂസിക് ആപ്പുകളിലേക്കുള്ള ആക്‌സസ് ലഭിക്കും. റിമൈൻഡേഴ്സ്, ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ നിർദ്ദേശിക്കൽ എന്നിവ പോലുള്ളവയും ഇവയ്ക്ക് സാധിക്കും.

IPX4 വാട്ടർ-റെസിസ്റ്റന്റ് റേറ്റിംഗ് ഉള്ളവയാണ് റേ-ബാൻ മെറ്റാ ഗ്ലാസുകൾ. വെള്ളം തെറിച്ചാലും ചെറിയ മഴ നനഞ്ഞാലും പ്രശ്നമില്ലെന്ന് സാരം. രണ്ട് ഫ്രെയിം ശൈലികളിലാണ് ഗ്ലാസുകൾ വരുന്നത്: വേഫെയറർ (സ്റ്റാൻഡേർഡ്, ലാർജ്), സ്കൈലർ. സൺ, ക്ലിയർ, പോളറൈസ്ഡ് എന്നിവയുൾപ്പെടെ വിവിധ ലെൻസ് ഓപ്ഷനുകളുണ്ട്.

പ്രിസ്ക്രിപ്ഷൻ ലെൻസുകൾക്ക് അനുയോജ്യമായ രീതിയിലും റേ-ബാൻ മെറ്റാ ഗ്ലാസുകൾ ലഭിക്കും.ഈ മാസം ആദ്യം യുകെ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഗ്ലാസുകൾ ലഭ്യമാണ്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 29,900/ രൂപ മുതൽ ആണ് ഗ്ലാസിന്റെ വില. ‘Hey Meta’ എന്ന കമാന്‍ഡിലൂടെ ഗ്ലാസ് പ്രവർത്തിപ്പിക്കാന് സാധിക്കും.