Kerala

സഹായിക്കാത്ത കേന്ദ്രത്തിനൊപ്പം പ്രതിപക്ഷം അണിചേരുന്നു; മുഖ്യമന്ത്രി | Pinarayi Vijayan

കേരളത്തില്‍ രണ്ട് തരം ചിന്താഗതിയുള്ളവരാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനം ആഗ്രഹിക്കുന്നവര്‍. അവരാണ് മഹാഭൂരിഭാഗം. നാട്ടില്‍ ചെറിയൊരു വിഭാഗം വികസനം ഇപ്പോൾ വേണ്ട എന്ന് ചിന്തിക്കുന്നവരാണ്. ഇപ്പോൾ വേണ്ട എന്ന നിലപാട് നാട് അംഗീകരിക്കുന്ന അവസ്ഥ വന്നിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ നേട്ടം ഉണ്ടാവില്ലായിരുന്നു. തൃശൂരിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെ നിരാശയില്‍ നിന്നാണ് 2016 ല്‍ എൽഡിഎഫ് ജനങ്ങൾക്ക് മുമ്പില്‍ പ്രകടനപത്രിക അവതരിപ്പിച്ചത്. ജനങ്ങളത് വിശ്വാസത്തിലെടുത്തു. ജനങ്ങളുടെ പ്രതീക്ഷ ഏറ്റെടുത്തതിന്റെ ഭാഗമായി ജനങ്ങൾ ഒരു ചൊല്ല് ഏറ്റെടുത്തു, എൽഡിഎഫ് വരും എല്ലാം ശരിയാവും. ഈ പുരോഗതി നേടുന്നതിന് നാടിന് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പിന്തുണ ലഭിക്കേണ്ടതുണ്ട്. നമുക്ക് ആപത്ഘട്ടത്തില്‍ പോലും കേന്ദ്രസര്‍ക്കാറില്‍ നിന്ന് പിന്തുണ ലഭിച്ചില്ല.

2016 ന് ശേഷം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് ഒന്നിന് പുറകെ ഒന്നായി കേരളം അഭിമുഖീകരിച്ചത്. 2018 ലെ പ്രളയം നൂറ്റാണ്ടിലെ പ്രളയമായിരുന്നു. സ്വാഭാവികമായും സഹായം അര്‍ഹിച്ചിരുന്നു. ഭരണഘടന തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. മറ്റ് രാജ്യങ്ങളുടെ സഹായം പോലും മുടക്കുന്ന സാഹചര്യമുണ്ടായി. സാലറി ചലഞ്ച് ജീവനക്കാര്‍ നല്ല രീതിയില്‍ സഹായിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം അതിനെ എതിര്‍ത്തു. സഹായിക്കാത്ത കേന്ദ്രത്തിനൊപ്പം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അണിചേരുന്നതാണ് കേരളം കണ്ടത്.

പ്രതിസന്ധി അതിജീവിച്ച കേരളത്തെ നോക്കി രാജ്യം ആശ്ചര്യപ്പെട്ടു. നമുക്കതില്‍ ആശ്ചര്യമില്ല. കേരളത്തിന്റെ ഐക്യമാണത്. അസാധ്യമായത് സാധ്യമാക്കാൻ ഒരുമ കൊണ്ട് കഴിഞ്ഞു. കേന്ദ്രം നല്‍കേണ്ട സഹായം നല്‍കാതെ വിഷമം സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിച്ചു. അര്‍ഹതപ്പെട്ടത് പോലും നിഷേധിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ കടം എടുക്കാനുള്ള അളവില്‍ വലിയ വെട്ടിച്ചുരുക്കല്‍ നടത്തി. നാട്ടിലെ വിവിധ വികസനപദ്ധതികൾ കിഫ്ബിയില്‍ നിന്ന് പണമെടുത്താണ് നടത്തിയത്. കിഫ്ബി വായ്പ കടമെടുപ്പ് പരിധിയില്‍പ്പെടുത്തി. ക്ഷേമ പ്രവര്‍ത്തനത്തിന് രൂപീകരിച്ച കമ്പനിയുടെ കാര്യത്തിലും സമാന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. തനത് വരുമാനത്തില്‍ നമ്മളുണ്ടാക്കിയ വര്‍ധനവാണ് നമ്മളെ പിടിച്ചു നിര്‍ത്തിയത്. ഓരോ വര്‍ഷത്തിലും തനതു വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കി. നാമെടുക്കുന്ന കടത്തെ പറ്റി വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്നു.

കേന്ദ്രത്തിന്റെ തടസ്സങ്ങൾ ഉണ്ടായിട്ടും നമുക്ക് കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ സാധിച്ചത് മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ധിച്ചത് കൊണ്ടാണ്.
മൊത്തം വരുമാനവും പ്രതീശീര്‍ഷവരുമാനവും വര്‍ധിച്ചു. ഐ.ടി മേഖലയില്‍ വലിയ പുരോഗതി നേടി. സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായി കേരളത്തെ കാണുന്നു. 2016 ല്‍ 3000 സ്റ്റാര്‍ട്ടപ്പായിരുന്നു ഇപ്പോഴത് 6100 ആയി. നാം ലക്ഷ്യമിടുന്നത് 2026 ഓടെ 10,000 സ്റ്റാര്‍ട്ടപ്പും ഒരു ലക്ഷം തൊഴിലവസരവുമാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി, ഡിജിറ്റല്‍ സയൻസ് പാര്‍ക്ക് എന്നിവ സ്ഥാപ്ച്ചത് ഈ 9 വര്‍ഷത്തിനിടെയാണ്. വാട്ടര്‍ മെട്രോ രാജ്യത്ത് ആദ്യത്തെയാണ്. കേരളമാണ് അത് സ്ഥാപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.