എങ്ങനെ ചിന്തിച്ചാലും എന്തു പറഞ്ഞാലും ജാതീയതയും വര്‍ഗീയതയും മാത്രം പ്രസരിപ്പിക്കുകയും, മതന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും അടിമകളാണെന്ന തരത്തിലുള്ള മനോഭാവത്തില്‍ പെരുമാറുന്ന നേതാക്കളാണ് RSSന് വര്‍ഗീയതയുടെ മൊത്ത കച്ചവടത്തിന്റെ പട്ടം ചാര്‍ത്തിക്കൊടുക്കുന്നത്. RSS എന്നാല്‍, രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നാണെങ്കിലും, ജാതി-മത-വര്‍ഗീയ വിഷം തുപ്പുന്ന നേതാക്കളിലൂടെ RSSന്റെ അര്‍ത്ഥം തന്നെ മാറ്റി എഴുതുകയാണ് ചെയ്യുന്നത്. സ്വയം സേവകര്‍ എന്നാല്‍, രാഷ്ട്രത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നവര്‍ എന്ന വിശാല അര്‍ത്ഥത്തെ റദ്ദു ചെയ്യുകയാണ് ഇവര്‍. പകരം, ഈ രാഷ്ട്രത്തില്‍ ജീവിക്കുന്ന അവരവരുടെ ജാതിയും, മതവും, സ്വത്തും, ആള്‍ക്കാരെയും മാത്രം സേവിക്കുന്ന സംഘം എന്നാക്കി മാറ്റിത്തീര്‍ക്കുന്നു.
നോക്കൂ, RSSന്റെ കടമകളില്‍ വരുന്നത് ക്ഷേത്ര സംരക്ഷണം, വിശ്വാസ സംരക്ഷണം, ജാതി വ്യവസ്ഥ സംരക്ഷണം എന്നിവയില്‍ മാത്രം തളയ്ക്കപ്പെടുന്ന ഒന്നായി മാറിയെന്നു പറയാതെ വയ്യ. ഇതിനു കാരണം, നവോത്ഥാനത്തെയോ, ലോകത്തിന്റെ ഇന്നത്തെ കാര്യക്രമത്തെയോ അംഗീകരിക്കുന്നില്ല എന്നാണ്. അത്തരമൊരു പ്രസംഗമാണ് RSS മുഖപത്രമായ കേസരി വാരികയുടെ ചീഫ് എഡിറ്റര്‍ എന്‍.ആര്‍. മധു നടത്തിയിരിക്കുന്നത്. വേടന്‍ എന്ന പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധി റാപ്പ് മ്യൂസിക്കിലൂടെ ജനലക്ഷങ്ങളെ തന്നിലേക്കടുപ്പിക്കുന്നതു കണ്ടാണ് കേസരി എഡിറ്റര്‍ക്ക് ഹാലിളകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വരികളില്‍ തന്നെ ജാതി വിഭാഗീയത വ്യക്തമാകുന്നുണ്ട് എന്നതും പരാമര്‍ശിക്കാതെ വയ്യ. കൊല്ലം കുണ്ടറയിലെ ഒരു ക്ഷേത്ര പരിപാടിയിലായിരുന്നു എന്‍.ആര്‍.മധുവിന്റെ വിവാദ പ്രസംഗം.
എന്‍.ആര്‍. മധുവിന്റെ വാക്കുകള്‍ ഇങ്ങനെ
“കഴിഞ്ഞ ദിവസം ഒരമ്പലപ്പറമ്പില്‍ വേടന്റെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. ആളു കൂടാന്‍ വേണ്ടിയിട്ട് വേടന്റെ പാട്ട് വെയ്ക്കാന്‍ തയ്യാറാകുന്നവര്‍ ഒരുപക്ഷെ, ക്യാബറേ ഡാന്‍സും നമ്മുടെ അമ്പലപ്പറമ്പില്‍ വെയ്ക്കും. വേടനോട് വ്യക്തിപരമായ വിരോധമൊന്നുമില്ല. പക്ഷെ, വേടന്റെ പാട്ട് എന്നു പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടന വാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ നമ്മുടെ വളര്‍ന്നു വരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമായി അരങ്ങു വാഴുകയാണ്. അത്തരം കലാഭാസങ്ങള്‍ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നു വരുന്നതിനെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയേണ്ടതാണ്. വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കണ്ടു കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്.”
എന്‍.ആര്‍. മധുവിന്റെ വാക്കുകളില്‍ ‘കലാഭാസം’ ‘നമ്മുടെ കുട്ടികള്‍’ ‘ജാതി ഭീകര വാദം’ ‘വിഘടന വാദം’ ‘നാലമ്പലം’ എന്നുമൊക്കെയുള്ള പദപ്രയോഗങ്ങള്‍ കാണാം. ആ പദപ്രയോഗങ്ങള്‍ അസ്ഥാനത്തോ, അനാവശ്യമായോ പറഞ്ഞതല്ലെന്നും മനസ്സിലാകും. കാരണം, സവര്‍ണ ജാതിചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കേ അങ്ങനെ പറയാനും കഴിയൂ.
- കലാഭാസം
ആഭാസത്തെ കലയാക്കുന്നു എന്നാണ് അതിനര്‍ത്ഥം. വേടന്‍ പറയുന്നതും പാടുന്നതും, റാപ്പ് മ്യൂസിക്കാണ്. അത് ലോകം അംഗീകരിച്ചതും, ലോകത്തെല്ലായിടത്തും നടത്തപ്പെടുന്ന ഒന്നുമാണ്. ഇതും കലയുടെ ഭാഗമാണ്. ആഭാസത്തിന്റെ പട്ടം അണിയിക്കുന്നവര്‍ക്ക് ഒന്നുകില്‍ റാപ്പ് മ്യൂസിക്ക് അറിയാത്തതു കൊണ്ടോ, അല്ലെങ്കില്‍ സവര്‍ണ്ണ ജാതിയില്‍പ്പെട്ടവര്‍ അവതരിപ്പിക്കാത്തതു കൊണ്ടോ അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
മറ്റൊന്ന് വേടന്റെ പാട്ടുകളില്‍ പറയുന്ന കഥ ചരിത്രവും നവോത്ഥാനത്തിന്റെ വഴികളിലൂടെയുമുള്ളതാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ പാട്ടിലൂടെ പറയുകയാണ്. അത് ചെയ്തവരുടെ ജാതിയും പിന്‍തലമുറയും ഇവിടെയുണ്ട്. എന്നാല്‍, കാലത്തിന്റെ മാറ്റവും, നവോത്ഥാനവുമെല്ലാം അവരില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വേടനെ കേള്‍ക്കാന്‍ ജനലക്ഷങ്ങള്‍ എത്തുന്നതും. അതില്‍ ജാതി ചിന്തയോ, മതചിന്തയോ ഉള്ളവരില്ല എന്നതാണ് പ്രത്യേകത. അതിനെ കലാഭാസമെന്നു പറയുന്നവര്‍ക്കാണ്
കുഴപ്പമുള്ളത്. ഇതിലും മോശമായോ, ഇതിലും താളബോധമില്ലാതെയോ എത്രയോ പേര്‍ കലാപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. നോക്കൂ, മോഹന്‍ലാലിന്റെ ‘ലാലിസം’ ആളെ പറ്റിക്കലായിരുന്നില്ലേ. അതും നാഷണസല്‍ ഗെയിംസിന്റെ വേദിയില്‍ ലോകോത്തര സ്‌റ്റേഡിയത്തില്‍ വെച്ചല്ലേ പറ്റിക്കല്‍ നടത്തിയത്. അതിനെ എന്താണ് RSS അംഗീകരിക്കുന്നുണ്ടോ. അതും വിജയിച്ചിരുന്നുവെങ്കില്‍ ഈ പറയുന്ന നാലമ്പലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി പ്രോഗ്രാം വെയ്ക്കുമായിരുന്നില്ലേ എന്നൊരു ചോദ്യമുണ്ട്.
- നമ്മുടെ കുട്ടികള്‍
പാടുന്നവന്‍ വേടനാണ്. അവന്റെ പാട്ട് കേള്‍ക്കുന്നവര്‍ വേടന്റെ വഴിയിലൂടെ പോകുന്നവരാണ്. അതായത്, നമ്മുടെ കുട്ടികള്‍ അല്ല. നമ്മുടെ കുട്ടികള്‍ എന്നു പറഞ്ഞാല്‍ പിന്നെ, ആരാണ്. വേടനെയും വേടന്റെ കലയെ ആഭാസത്തരമായി ചിത്രീകരിക്കുകയും, അവന്റെ പാട്ടിനെ ജാതി ഭീകരവാദവും വിഘടനവാദവുമായി കാണുന്നുവെങ്കില്‍ എന്‍.ആര്‍. മധു ഉദ്ദേശിക്കുന്ന ‘നമ്മുടെ കുട്ടികള്‍’ എന്നത് സവര്‍ണ്ണ ജാതിയില്‍പ്പെട്ടവരുടെ കുട്ടികള്‍ എന്നത് വ്യക്തമാണ്. വേടന്റെ പാട്ടിനെ ആഭാസമായി കാണുമ്പോള്‍, ആ പാട്ടുകളിലെ ആഭാസത്തരങ്ങള്‍ കേട്ട് സവര്‍ണ ജാതിയിലെ കുട്ടികള്‍ ആകൃഷ്ടരാകരുത് എന്നാണ് മധു പറഞ്ഞുവെയ്ക്കുന്നത്.
- ജാതി ഭീകരവാദം, വിഘടനവാദം
ശരിയാണ്, സവര്‍ണ ജാതിചിന്തയുള്ളവര്‍ക്ക് വേടന്റെ പാട്ടിലെ രാഷ്ട്രീയം ജാതി ഭീകരവാദമായി തോന്നാം. പ്രത്യേകിച്ച് ജന്‍മി കുടിയാന്‍ ബന്ധത്തിലൂടെ നോക്കുന്നവര്‍ക്ക്. കുടിയാന്‍മാരും അവരുടെ കുട്ടികളും പഠിക്കാനോ, വഴി നടക്കാനോ, മേല്‍മുണ്ടിടാനോ, ക്ഷേത്രത്തില്‍ കയറാനോ പാടില്ലെന്ന് ഇന്നും ചിന്തിക്കുന്ന സവര്‍ണ്ണ മനസ്സിന്റെ ദുഷ്ചിന്തയാണ് വേടന്റെ പാട്ടില്‍ ജാതി ഭീകരവാദം കാണുന്നത്. എന്നാല്‍, ജാതി ഭീകരവാദം വേടനോടും, വേടന്റെ പഴയ തലമുറയോടും നിരന്തരം കാണിച്ചിരുന്നവരാണ് സവര്‍ണ്ണ ജാതിക്കാരെന്ന് ചരിത്രം എഴുതി വെച്ചിട്ടുണ്ട്. ആ ചരിത്രമാണ് ഇന്ന് വേടന്റെ പാട്ടിലൂടെ വരുന്നതും. അത് കേള്‍ക്കാന്‍ ഇന്നും സവര്‍ണ്ണ ജീതിക്കാരന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല. കാരണം, അവരുടെ മനസ്സുകളില്‍ ഇന്നും ജാതിചിന്തയുണ്ട്. വേലിക്കെട്ടിനപ്പുറം ക്ഷയിച്ചുപോയ തറവാടുകള്‍ക്കുള്ളില്‍ സൂക്ഷിക്കുന്ന വര്‍ഗ-വര്‍ണ്ണ സ്വത്വമുണ്ട്.
- നാലമ്പലം
വേടനെ പോലെയുള്ളവരുടെ ആഭാസത്തരം നാലമ്പലങ്ങളില്‍ കടന്നു വരുന്നതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നാണ് കേസരി എഡിറ്ററിന്റെ മറ്റൊരു വാചകം. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അമ്പലങ്ങളെല്ലാം ആരുടേതാണ്. ആരൊക്കെയാണ് അമ്പലങ്ങളില്‍ കയറേണ്ടത്. എന്തൊക്കെയാണ് അമ്പലങ്ങളില്‍ അവതരിപ്പിക്കേണ്ടത്. ഇങ്ങനെയുള്ള സവര്‍ണ്ണ ചിന്തകളുടെ എഴുന്നെള്ളിപ്പല്ലേ ഈ വാക്കുകള്‍ പ്രസരിപ്പിക്കുന്നത്. നാലമ്പലം എന്നത്, പ്രതിഷ്ഠ ഇരിക്കുന്ന ഇടമാണ്.
എന്നാല്‍, അതിനുള്ളില്‍ ആകെ നടക്കുന്ന കലാ പരിപാടി എന്നത്, ഇടയ്ക്ക കൊട്ടും, മണിയടിക്കലും, ശംഖ് വിളിയുമാണ്. ചിലയിടങ്ങളില്‍ പുള്ളുവന്‍പാട്ടും ഉണ്ടാകും. എന്നാല്‍, നാലമ്പലത്തിനു പുറത്തായി, ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ആയിരിക്കും ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ നടത്തുന്നത്. കലാപരിപാടി നടത്താന്‍ വരുന്നവര്‍ നാലമ്പലത്തില്‍ കയറാറില്ല. വിശ്വാസുള്ളവര്‍ കയറി പ്രാര്‍ത്ഥിക്കുമെന്നല്ലാതെ നാലമ്പലത്തില്‍ പരിപാടി അവതരിപ്പിക്കാറില്ല. ഇത് വ്യക്തമായി അറിയാവുന്ന ആളാണ് കേസരി എഡിറ്റനെന്നതില്‍ സംശയമില്ല.
എന്നാല്‍, അദ്ദേഹം പറയുന്നതോ, വേടനെപോലുള്ളവര്‍ കലാഭാസവുമായി നാലമ്പലത്തില്‍ കടന്നു വരുന്നതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നാണ്. അതായത്, ജാതിയില്‍ താഴ്ന്നവന്‍ എന്തിന്റെ പേരില്‍ വന്നാലും ക്ഷേത്രത്തിനുള്ളില്‍ കയറ്റരുത് എന്നു തന്നെയാണ് അതിനര്‍ത്ഥം. മറ്റൊന്ന് ആളെക്കൂട്ടാന്‍ ചിലര്‍ ക്യാബറേ വരെ നടത്താറുണ്ട്. അത് ആളെക്കൂട്ടാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ അവരുടെ കലാപ്രകടനത്തിന്റെ മികവു കൊണ്ടല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ആളെക്കൂട്ടാന്‍ വരുന്നവനെയൊന്നും അമ്പലത്തില്‍ അടുപ്പിക്കരുതെന്ന ധ്വനിയോടെയാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത്.
ജാതിപ്പേരും, പേരിന്റെ വാലും ജാതി ഭീകരവാദമല്ലേ ?
ഇനി കേസരി എഡിറ്ററോടു ചോദിക്കാനുള്ളത്, വേടന്‍ റാപ്പ് മ്യൂസിക്കാണ് അവതരിപ്പിക്കുന്നത്. അതില്‍ ജാതിയോ മതമോ, ചരിത്രമോ, പേരോ പോരോ എന്തും പറയും. അതൊന്നും പുറത്തു പറയാന്‍ കൊള്ളാത്ത കഥകളോ പാട്ടുകളോ അല്ല. പക്ഷെ, പ്രത്യക്ഷമായി ഞാന്‍ ഈ ജാതിയില്‍ പിറന്നതാണെന്നും, ഈ ജാതിപ്പേരില്‍ അറിയപ്പെടണമെന്നും ഇന്നും ശാഠ്യം പിടിക്കുന്നവരുണ്ട്. അവരല്ലേ യഥാര്‍ഥ ജാതിഭാകര വാദികള്‍. അഴരല്ലേ സമൂഹത്തില്‍ വിഘടനവാദം നടപ്പാക്കുന്നത്. നായര്‍-വര്‍മ്മ- മേനോന്‍- പണിക്കര്‍-പിള്ള എന്നിങ്ങെ നീളുന്ന ജാതിപ്പേരുകള്‍ ഇട്ടിരിക്കുന്ന എത്രയോ ജാതി ഭീകര വാദികള്‍ നാട്ടിലുണ്ട്. അവരോടൊക്കെ സാംസ്‌ക്കാരിക കേരളത്തിലെ ഒരു പ്രസിദ്ധീകരണത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കരുതചെന്ന് പറയുമോ. വേടന്റെ കലാഭാസത്തെ തൊടും, പക്ഷെ, ജാതിപ്പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രേഖകളില്‍പ്പോലും എവുതിവെയ്ക്കുന്നവരുടെ ജാതിഭീകരവാദത്തെ തൊടില്ല. ഇതാണ്. ഇരട്ട നിലപാട്. ആദ്യം കേരളത്തിലെ മറ്റു ജാതിക്കാരുടെ ജാതിവാല്‍ മുറിക്കൂ. എന്നിട്ടു മതി വേടന്റെ കൊമ്പു മുറിക്കാന്‍.
CONTENT HIGH LIGHTS; Is it the hunter’s song or the caste issue?; Who is spreading caste terrorism and separatism?; Is the caste mentality of those who add caste to their names a hunter?; Will Kerala discuss the words of RSS mouthpiece Kesari editor N.R. Madhu?