News

അവനെ വെറുതെ വിടരുത്, നീതിക്കായ് ഏതറ്റം വരെയും പോകും: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയുടെ പ്രതികരണം കേട്ടോ ?

തിരുവനന്തപുരം വഞ്ചിയൂരില്‍ ജുനിയര്‍ അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ശ്യാമിലിയുടെ അമ്മ രംഗത്തെത്തി. എന്റെ മകളെ മര്‍ദ്ദിച്ച അഭിഭാഷകനെ വെറുതെ വിടരുത്. മകള്‍ക്ക് നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. ചൊവാഴ്ച്ച ഉച്ചയ്ക്ക് 12.30ന് വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുളള ഓഫീസില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ശ്യാമിലിയും ബെയ്‌ലിനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബെയ്‌ലിന് ശ്യാമിലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ശ്യാമിലി നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ സംഭവം കണ്ട് നിന്നവര്‍ ആരും ബെയ്‌ലിനെ തടയാന്‍ വന്നില്ല. ശ്യാമിലി ഉടന്‍ തന്നെ വീട്ടില്‍ അറിയിക്കുകയും, ശ്യാമിലിയുടെ സഹോദരന്‍ ഓഫീസില്‍ എത്തുകയും ചെയ്തതിന് ശേഷമാണ് സംഭവം പുറത്ത് അറിയുന്നത്. ക്രൂരമായി മുഖത്ത് പരിക്കേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ ശ്യാമിലിയെ മെഡിക്കല്‍ കോളേജിലേക്ക് വിടുകയായിരുന്നു.

ശ്യാമിലിയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ

”തന്റെ മകളെ മര്‍ദ്ദിച്ച അഭിഭാഷകനെ വെറുതെ വിടരുതെന്നും, നീതിക്കായ് ഏതറ്റം വരെയും പോകുമെന്നും ശ്യാമിലിയുടെ അമ്മ പറഞ്ഞു. ബെയ്‌ലിന്റെ കീഴില്‍ ജൂനിയേഴ്‌സ് മൂന്ന് മാസത്തില്‍ കൂടുതല്‍ നില്‍ക്കാറില്ല. ദേഷ്യം വന്നാല്‍ ഫയലുകള്‍ വലിച്ച് മുഖത്തെറിയും. ബെയ്‌ലിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ഓഫീസില്‍ നിന്ന് പോയിട്ടുണ്ട്. എന്റെ മകള്‍ മാത്രമാണ് അവിടെ മൂന്നു വര്‍ഷം ജോലി ചെയ്തത്. അവള്‍ ഇത്രയും പീഡനം അവിടെ അനുഭവിക്കുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അവള്‍ എന്തിനാണ് ഇതൊക്കെ സഹിച്ചത്. എന്റെ മകളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല. ഇന്നലെ മുതല്‍ വെളളം പോലും അവള്‍ കുടിച്ചിട്ടില്ല. 6 മാസമായ കുഞ്ഞിനെ എടുകാനോ പാല്‍ കൊടുകാനോ അവള്‍ക്ക് കഴിയുന്നില്ല. മകളെ അടിച്ച സമയത്ത് ഞാനാവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ നിലതന്നെ തെറ്റി പോകുമായിരുന്നു. കേസൊക്കെ പിന്നെയല്ലേ നിങ്ങള്‍ പോയി അഭിഭാഷകന്റെ കൈ വെട്ടി എടുക്കാത്തത് എന്തെന്ന് നിരവധിപേര്‍ ചോദിച്ചു. പക്ഷേ എന്റെ മകനും മരുമകനും അത് ചെയ്തില്ല. എന്റെ മകളുടെ മുഖം കണ്ടോ.എന്റെ മകളെ ഈ അവസ്ഥയിലാക്കിയ ബെയ്‌ലിനെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ട് വരണം. ഇനി ഒരമ്മയ്ക്കും ഒരു പെണ്‍കുട്ടിക്കും ഇങ്ങനൊരു അവസ്ഥ വരരുത്. എന്റെ മകള്‍ക്ക് നീതി കിട്ടണം. അതിന് ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണ്”.

”താന്‍ 5 മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്‌ലിന്‍ മര്‍ദ്ദിച്ചിരുന്നു. സീനിയര്‍ ആയതു കൊണ്ടാണ് പരാതി നല്‍കാതിരുന്നത്. ഇന്നലെ തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടു”ശ്യാമിലി പറഞ്ഞു.

ബെയ്‌ലിനെതിരെ ശ്യാമിലി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്. ബെയ്‌ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം പൊലീസിന് ഇതുവരെയും ബെയ്‌ലിനെ കണ്ടെത്താനായില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയില്‍ എത്തിയതിന് പിന്നാലെ ബെയ്‌ലിന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സ്തീകള്‍ക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്നും ആരോപണമുണ്ട്. സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉള്‍പ്പെട്ട ഭാരതീയ ന്യായ സംഗീതയിലെ വകുപ്പ് 74 നപ്പുറം ചുമത്തിയ മറ്റ് പരണ്ട് വകുപ്പുകളും അങ്ങേയറ്റം ദുര്‍ബലം. നേരത്തെയും സമാന രീതിയിലുളള അനുഭവം സീനിയര്‍ അഭിഭാഷകനില്‍ നിന്ന് ഉണ്ടായെന്ന ശ്യാമിലിയുടെ ആരോപണവും പൊലീസ് കണക്കിലെടുത്തില്ല.