വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുൻപും മർദിച്ചിട്ടുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി. മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടിയായിരുന്നു ശ്യാമിലിയുടെ പ്രതികരണം. വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷൻ ആയിരുന്നു ഇത്. എന്നെ പിരിച്ചു വിട്ടതിലുള്ള കാരണം എനിക്ക് അറിയണം. അത് അറിയാൻ വേണ്ടിയാണ് സാറിന്റെ അടുത്ത് പോയത്. അമ്മയുടെ ഇഷ്ടത്തിലാണ് വീണ്ടും ജോലിക്ക് ജോയിൻ ചെയ്തത്. സിഎ പഠിച്ചോളാം എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നു.
പോലീസ് ബെയ്ലിൻ ദാസിനെ അന്വേഷിക്കുന്നുണ്ട്. ബാർ കൗൺസിൽ പരാതി മെയിൽ ചെയ്തിട്ടുണ്ട്. ബാർ അസോസിയേഷനിൽ നിന്നും വളരെയധികം സഹകരണം ഉണ്ട്. അന്വേഷണത്തിൽ ഒരുവിധ അതൃപ്തിയുമില്ലെന്ന് ശ്യാമിലി പ്രതികരിച്ചു. മർദ്ദനമേറ്റതിന്റെ വേദനയുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. മർദ്ദിക്കുമെന്ന് ആരും വിചാരിച്ചില്ല.
വക്കീൽ ഓഫീസിൽ നിന്നും ഒരു വക്കീലിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ സമ്മതിക്കില്ല എന്നായിരുന്നു ബാർ അസോസിയേഷന്റെ നിലപാട്. അസോസിയേഷൻ സെക്രട്ടറിയായിരുന്നു അത് പറഞ്ഞത്. അസോസിയേഷന്റെ തിരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ബെയ്ലിൻ. അതുകൊണ്ടാവാം അദ്ദേഹത്തെ സംരക്ഷിച്ചത്. ആ സമയത്ത് ബെയിലിനെ പോലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. ബാർ അസോസിയേഷന്റെയും കൗൺസിലിന്റെയും ഭാഗത്തുനിന്നും കർശന നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഇനി യൂണിഫോം ധരിക്കാൻ കഴിയാത്ത തരത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നും ശ്യാമിലി പ്രതികരിച്ചു.