Kerala

കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട; മൂന്ന് യുവതികള്‍ പിടിയില്‍ | Drug hunt

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ലഗേജ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ്.

പിടിച്ചെടുത്ത രാസലഹരിക്ക് കോടികള്‍ മൂല്യം വരുന്നതാണെന്ന് കസ്റ്റംസ് ഓഫീസര്‍മാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.