News

തട്ടികൊണ്ട് പോകലോ ഒളിച്ചോട്ടമോ? : അവര്‍ കറങ്ങി നടന്നത് എന്തിന് ? ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്നു കുട്ടികളെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത് നാടകീയമായി. കുട്ടികള്‍ ഇപ്പോള്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലാണുളളത്. കളിച്ചുകൊണ്ട് നിന്നപ്പോള്‍ ആരോ ബോധം കെടുത്തിയെന്നും, ബോധം വന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയെന്നുമാണ് കുട്ടികളുടെ മൊഴി. എന്നാല്‍ കുട്ടികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. കാരണം അവരെ തട്ടികൊണ്ടു വന്നതാണെങ്കില്‍ അവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാമായിരുന്നു,പക്ഷേ അവര്‍ അത് ചെയ്തില്ല. ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടികളെ തിരിച്ചറിയുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതെന്നും തമ്പാനൂര്‍ എസ്എച്ച്ഒ മാധ്യമങ്ങളോട് പറഞ്ഞു.

തമ്പാനൂര്‍ എസ്എച്ച്ഒ വി.എം. ശ്രീകുമാര്‍ പറയുന്നതിങ്ങനെ…..

”കാണാതായ മൂന്നു കുട്ടികളും ഫോര്‍ട്ട് കൊച്ചി കടലാസ് മാര്‍ക്കറ്റ് എന്ന സ്ഥലത്തുളള കുട്ടികളാണ്. ടിഡി സ്‌കൂളില്‍ എട്ട്, ഒമ്പത് ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണിവര്‍. ഇന്നലെ പത്ത് മണിയോടയാണിവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഫുട്ട്‌ബോള്‍ കളിക്കാന്‍ മരപ്പാലമെന്ന സഥലത്ത് പോയപ്പോള്‍ അവിടെ നിന്നും കുറച്ച് ആളുകള്‍ തട്ടികൊണ്ടുപോയെന്നാണ് അവര്‍ പറയുന്നത്. പക്ഷേ പറയുന്നതിന്റെ വസ്തുത ശരിയാണെന്ന് തോന്നുന്നില്ല. അവരെ അങ്ങനെ തട്ടികൊണ്ടു പോയിട്ടുണ്ടെങ്കില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയയുടനെ അവര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യേണ്ടതിന് പകരം അവര്‍ കറങ്ങി നടക്കുകയായിരുന്നു. യുടൂബില്‍ വാര്‍ത്ത കണ്ടിട്ട് ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടികളെ തിരിച്ചറിയുന്നതും, പൊലീസിനെ വിളിക്കുന്നതും. കൃത്യസമയത്ത് തമ്പാനൂര്‍ പൊലീസ് അവിടെ എത്തുകയും ഇവരെ പിടിക്കുകയും ചെയ്തു. കുട്ടികളുടെ വീട്ടില്‍ വിവരം അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വീട്ടില്‍ നിന്ന് 3000 രൂപ കളവ് പോയിട്ടുളളതായും രക്ഷിതാക്കള്‍ പറഞ്ഞു”.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് സഹോദരങ്ങളായ രണ്ട് പേരടക്കം മൂന്ന് കുട്ടികളെ കാണാതായത്. ഫോര്‍ട്ട് കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ് അഫ്രീദ്, മുഹമ്മദ് ഹഫീസ്, ആദില്‍ എന്നിവരെയാണ് കാണാതായത്. മഹമ്മദ് അഫ്രീദ്, ആദില്‍ എന്നിവര്‍ മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മുഹമ്മദ് ഹഫീസ് മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.