World

കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യൻ വംശജ; ഭ​ഗവത് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അനിത ആനന്ദ്

കാനഡയുടെ പുതിയ വിദേശ കാര്യമന്ത്രിയായി ചുമതലയേറ്റെടുത്ത വ്യക്തിയാണ് ഇന്ത്യൻ വംശജയായ അനിത ആനന്ത്. മാർക്ക് കാർനി മന്ത്രിസഭാ പുനഃസംഘടന നടത്തിയതിന്റെ ഭാഗമായിട്ടാണ് അനിതയ്ക്ക് പുതിയ മന്ത്രി സ്ഥാനം ലഭിച്ചത്.കാനഡയുടെ പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ള പദവികളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള അനിത ആനന്ദ്, മെലാനി ജോളിക്ക് പകരമായാണ് വിദേശകാര്യ മന്ത്രിയായത്. വിദേശകാര്യ മന്ത്രി ചുമതല നിര്‍വഹിച്ചിരുന്ന മെലാനി ജോളിയാണ് പുതിയ വ്യവസായ മന്ത്രി.

കാനഡയിലെ ലിബറല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ 58 കാരി ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കാബിനറ്റ് നിയമനങ്ങളിലും അവര്‍ ഈ പാരമ്പര്യം തന്നെയാണ് പിന്തുടര്‍ന്നത്.

28 മന്ത്രിമാര്‍ ഉള്‍പ്പെടുന്ന തരത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ മന്ത്രിസഭയെ പ്രധാനമന്ത്രി കാര്‍ണി പുനഃസംഘടിപ്പിച്ചത്. ജസ്റ്റിന്‍ ട്രൂഡോ കാലഘട്ടത്തില്‍ നിന്ന് ഒരു പുതിയ തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിമാരെയും അവതരിപ്പിച്ചു. സര്‍ക്കാരില്‍ പകുതിയും സ്ത്രീകളാണ്. കാനഡ-യുഎസ് ബന്ധത്തിലെ ഉലച്ചിലുകള്‍ക്കിടെ കനേഡിയന്മാര്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ മാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭയെ പുനഃസംഘടിപ്പിച്ചതായി മിസ്റ്റര്‍ കാര്‍ണി പറഞ്ഞു.

2025 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച അനിത ആനന്ദ് ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെ ഈസ്റ്റിനെയാണ് പ്രതിനീധികരിക്കുന്നത്. 2019 മുതല്‍ 2025 വരെ ഹൗസ് ഓഫ് കോമണ്‍സില്‍ ഓക്ക്വില്ലെയെ തന്നെ പ്രതിനിധീകരിച്ച് പൊതുസേവനം, പ്രതിരോധം, ഗതാഗതം, ആഭ്യന്തര വ്യാപാരം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിപദവി വഹിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് 1960ൽ കുടിയേററിയ സരോജ് ഡി റാം, എസ്.വി ആനന്ദ് ദമ്പതികളുടെ മകളായി 1967 മെയ് 20ന് ആണ് അനിതയുടെ ജനനം. പിതാവായ സരോജ് തമിഴ്നാട് സ്വദേശിയും, മാതാവായ ആനന്ദ് പഞ്ചാബുകാരിയുമാണ്. ഗീത, സോണിയ എന്നീ രണ്ട് സഹോദരങ്ങളാണ് അനിതയ്ക്കുള്ളത്.

രാഷ്ട്രതന്ത്രത്തിൽ അക്കാഡമിക് ബിരുദം, ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് ആർട്സ് ഓണേഴ്സ് ബിരും തുടങ്ങിയവയും, ഡൽഹൗസി സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. നിയമജ്ഞ, അധ്യാപിക എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

കനേഡിയൻ നിയമജ്ഞനും, ബിസിനസ് എക്സിക്യൂട്ടീവുമായ ജോൺ നോൾട്ടൺ എന്ന വ്യക്തിയെയാണ് അനിത വിവാഹം കഴിച്ചിരിക്കുന്നത്. നാല് കുട്ടികളടങ്ങുന്ന കുടുംബം ഓക് വില്ലയിലാണ് താമസം. 2019 മുതൽ കാനഡയിലെ ഫെഡറൽ ക്യാബിനറ്റിൽ അംഗമാകുന്ന ആദ്യ ഹിന്ദു കൂടിയാണ് അനിത.

Latest News