എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും കൂടുതൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. ചെറിയ അശ്രദ്ധ കൊണ്ട് വലിയ അപകടങ്ങൾ സംഭവിക്കുകയാണ്. വാഹനങ്ങളുടെ ചെറിയ അറ്റ കുറ്റപ്പണികൾ അവഗണിക്കുന്നതുകാരണം തീപിടിത്ത സാദ്ധ്യത കുടുതലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളിൽ ഘടിപ്പിക്കാൻ ഫയർ കെയറിന്റെ സഹകരണത്തോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടപ്പാക്കുന്ന ഫയർ എക്സ്റ്റിംഗ്യുഷർ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃത്രിമമായി സൃഷ്ടിച്ച തീപിടിത്തം ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് മന്ത്രി കെടുത്തി.
ഫയർ കെയർ മാനേജിംഗ് ഡയറക്ടർ ദീപ് സത്യൻ തീ അണയ്ക്കുന്ന രീതി പരിചയപ്പെടുത്തി.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ആർ.പ്രവീൺ അദ്ധ്യക്ഷനായി. സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ വി. വിനീഷ് എന്നിവർ സംസാരിച്ചു.
CONTENT HIGH LIGHTS; More fire safety equipment will be installed in KSRTC buses: Minister KB Ganesh Kumar