Gulf

കുവൈത്ത് തീപിടിത്തം; പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ്

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് കഠിന തടവ്. കഴിഞ്ഞ വർഷം ജൂൺ 12ന് കുവൈത്തിലെ അൽ മൻഗഫിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. തീപിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കോടതി മൂന്നു വർഷം കഠിന തടവ് വിധിച്ചു.

മുൻസിഫ് അദാലത്ത് ജഡ്ജിയായ അന്വർ ബസ്തികിയാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം തെറ്റായ സാക്ഷിമൊഴി നൽകിയ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും ഒരാളെ ഒളിപ്പിച്ചു വച്ച നാല് പ്രതികൾക്ക് ഓരോ വർഷം തടവുശിക്ഷയും വിധിച്ചു.

ആറ് നില കെട്ടിടത്തിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരിൽ 45 പേർ മലയാളികളടക്കമുള്ള ഇന്ത്യക്കാരായിരുന്നു. 3 ഫിലിപ്പിനോ പൗരന്മാരും മരിച്ചു. 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോൾ പുക ശ്വസിച്ചാണ് മിക്ക മരണങ്ങളും സംഭവിച്ചത്. മരിച്ചവർ 45 പേർ 20 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.

ദുരന്ത സ്മരണയിൽ കുവൈത്ത്

ദുരന്തമുണ്ടായിട്ട് ഒരു വർഷമാകാറായെങ്കിലും ആ നടുക്കുന്ന ഓർമകളിലാണ് കുവൈത്ത് ഇന്നും. തീപ്പിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ശ്വാസതടസ്സമുണ്ടായാണ് ഭൂരിഭാഗം പേരും മരിച്ചത്. അടിയന്തര ഘട്ടങ്ങളിൽ പുറത്തേയ്ക്ക് കടക്കുന്നതിനുള്ള കെട്ടിടത്തിലെ വഴികൾ അടഞ്ഞു കിടന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായതായി അഗ്നിശമന വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തയിരുന്നു. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരുക്കേറ്റു. ഫയർഫോഴ്സും പൊലീസും എത്തിയാണ് തീ അണയ്ച്ചത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാൻ കുവൈത്ത് ആഭ്യന്തര മന്ത്രി പിന്നീട് ഉത്തരവിട്ടു. അതേസമയം സംഭവത്തെ തുടർന്ന് അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് ഉത്തരവിടുകയും ചെയ്തു.