സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശത്തിൽ പത്തു തവണ മാപ്പു പറയാൻ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ. പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മന്ത്രി എത്തിയത്.
‘എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ്’ -വിജയ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാൻ സർക്കാർ ദൗത്യം ഏൽപ്പിച്ച കേണൽ സോഫിയ ഖുറേഷിയ്ക്ക് എതിരെയാണ് അധിക്ഷേപ പരാമർശം മന്ത്രി നടത്തിയത്. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്.