ഇന്ത്യയിലെ ആളുകള്‍ പൊതുവെ എല്ലാ ഭക്ഷണവും കഴിക്കുന്നവരാണ്. സസ്യാഹാരവും,മാംസാഹരവും ആളുകള്‍ ഒരുപോലെ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു നഗരത്തില്‍ പൂര്‍ണ്ണമായും മാംസാഹരം നിരോധിച്ച ഒരു സ്ഥലമുണ്ട്. ഏതാണ് ആ സ്ഥലമെന്ന് അറിയോ?
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത് . ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ പാലിതാന എന്ന പട്ടണത്തിലാണ് മാംസാഹാരം പൂര്‍ണ്ണമായും നിരോധിച്ചത്. 2014 ല്‍ ഗുജറാത്ത് സര്‍ക്കാരാണ് പാലിതാന നഗരത്തെ മാംസരഹിത മേഖലയായി പ്രഖ്യാപിച്ചത്. ഇവിടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. മുട്ടയോ മാംസമോ വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ജൈനഭൂരിപക്ഷ മേഖലയായതിനാല്‍ അവരുടെ അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ക്ഷതമേല്‍ക്കുന്നവിധം മാംസാഹാര ഉപയോഗം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ജൈന സന്യാസികള്‍ നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം.
പാലിതാന വെറുമൊരു നഗരമല്ല, ജൈനമതക്കാരുടെ ഏറ്റവും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ശത്രുഞ്ജയ കുന്നുകള്‍ക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ 800-ലധികം ക്ഷേത്രങ്ങളുണ്ട്, അവയില്‍ ഏറ്റവും പ്രശസ്തമായത് ആദിനാഥ ക്ഷേത്രമാണ്. മാംസത്തിന്റെ പൊതു പ്രദര്‍ശനം ആളുകളുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുകയും സമൂഹത്തില്‍ പ്രതികൂല സ്വാധീനം ചെലുത്തുകയും ചെയ്യുമെന്ന് നിരോധനത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.