India

പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നൽകി; യുവാവ് അറസ്റ്റിൽ

ചണ്ഡീഗഢ്: പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനൽകിയ യുവാവ് അറസ്റ്റിൽ. ഹരിയാന പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന നൗമാന്‍ ഇലാഹി(24) ആണ് പോലീസിന്റെ പിടിയിലായത്. പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യമായവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നൗമാന്‍ ഇലാഹിയെ അറസ്റ്റ് ചെയ്തതെന്ന് കര്‍ണാല്‍ പോലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിനെ ചോദ്യംചെയ്തതില്‍ ഇയാള്‍ക്ക് പാകിസ്താനിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പല പ്രധാനപ്പെട്ടവിവരങ്ങളും പ്രതി ഇവര്‍ക്ക് കൈമാറിയിരുന്നതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.

ചോദ്യംചെയ്യലിലും തെളിവുശേഖരത്തിലും പ്രതിക്കെതിരേയുണ്ടായിരുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്നാണ് പാനിപ്പത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റുചിലരെയും ചോദ്യംചെയ്തിരുന്നതായും പോലീസ് പറഞ്ഞു.